കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകർന്നുവീണ് മൂന്നു പേർ മരിച്ചു. അഷ്‌റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് മരിച്ചത്.
മൂന്നു പേരും ലോഡിങ് തൊഴിലാളികളാണ്. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സണ്‍ഷെയ്ഡ് തകർന്നുവീണത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകർന്നുവീണത്.
കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഒരാളെ ഫയർഫോഴ്‌സ് എത്തി സ്ലാബ് മുറിച്ചുമാറ്റി പുറത്തെടുത്ത ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവർത്തിക്കുന്നുണ്ട്.
വലിയങ്ങാടിയിലെ തൊഴിലാളികള്‍ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.



