ലൈംഗിക പീഡനം: ലിങ്കണിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് സ്റ്റീഫൻ കോൺവേ അറസ്റ്റിൽ

ലണ്ടൻ: ഒരു പുരുഷനെ വർഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തെ തുടർന്ന് ബിഷപ്പ് അറസ്റ്റില്‍. ആംഗ്ലിക്കൻ സഭയിലെ ബിഷപ് സ്റ്റീഫൻ കോണ്‍വേയാണ് അറസ്റ്റിലായത്.

ലിങ്കണ്‍ രൂപത ബിഷപ്പാണ് സ്റ്റീഫൻ കോണ്‍വേ. 2018 മുതല്‍ 2025 വരെ ഒരു പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 68 വയസ്സുകാരനായ ബിഷപ്പിനെതിരെ ലിങ്കണ്‍ഷയർ പൊലീസ് നടപടി സ്വീകരിച്ചത്.

അറസ്റ്റിന് പിന്നാലെ, ബിഷപ്പിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഉപാധികളോടെയുള്ള ജാമ്യം ബിഷപ്പിന് അനുവദിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പിന്റെ വസതിയിലും ഓഫീസിലും പൊലീസ് പരിശോധനകള്‍ നടത്തി.

ഈ വർഷം ജനുവരി അവസാനത്തോടെയാണ് ബിഷപ്പിനെതിരെ സഭയുടെ സേഫ് ഗാർഡിങ് വിഭാഗത്തിന് പരാതി ലഭിച്ചത്. ആരോപണം ഗൗരവകരമാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് സഭാധികാരികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുതിയ കാന്റർബറി ആർച്ച്‌ ബിഷപ്പായ സാറാ മുലാലിയുടെ നിർദേശപ്രകാരമാണ് ബിഷപ്പിനെ സ്ഥാനത്തുനിന്ന് നീക്കിയത്.

ബിഷപ് ഡോ. നിക്കോളാസ് ചേംബർലെയ്നാണ് ഇപ്പോള്‍ ലിങ്കണ്‍ രൂപതയുടെ താല്‍കാലിക ചുമതല നല്‍കിയിരിക്കുന്നത്. പീഡനത്തിന് ഇരയായ വ്യക്തിക്ക് ആവശ്യമായ എല്ലാ നിയമസഹായവും കൗണ്‍സിലിങ്ങും നല്‍കുമെന്ന് സഭ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പിന്റെ വസതിയിലും ഓഫിസിലും പൊലീസ് പരിശോധനകള്‍ നടത്തി.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളില്‍ ലൈംഗികാതിക്രമ കേസുകളുമായി നേരിട്ടോ അല്ലാതെയോ ആരോപണവിധേയരായി സ്ഥാനം നഷ്ടപ്പെടുന്ന മൂന്നാമത്തെ ചർച്ച്‌ ഓഫ് ഇംഗ്ലണ്ട് ബിഷപ്പാണ് സ്റ്റീഫൻ കോണ്‍വേ. സഭാധ്യക്ഷനായിരുന്ന ആർച്ച്‌ ബിഷപ് ഡോ. ജസ്റ്റിൻ വെല്‍ബിയ്ക്ക് രാജിവച്ച്‌ ഒഴിയേണ്ടിവന്നത് മറ്റൊരു ലൈംഗികാരോപണക്കേസില്‍ അറിയാമായിരുന്ന വിവരങ്ങള്‍ മറച്ചുവെച്ചു എന്നതിന്റെ പേരിലാണ്.

സഭാംഗവും അല്‍മായ പ്രേഷിതനുമായിരുന്ന ബാരിസ്റ്റർ ജോണ്‍ സ്മിത്ത്, കൗമാരക്കാരായ അനേകം പേർക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്നു എന്നതായിരുന്നു ആർച്ച്‌ബിഷപ്പിന് വിനയായി മാറിയത്. ഇതിനെ വിമർശിച്ച്‌ സ്വതന്ത്ര റിവ്യൂ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ആർച്ച്‌ബിഷപ്പിന് രാജിവയ്ക്കേണ്ടി വന്നത്. 2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് റിവ്യൂ റിപ്പോർട്ടിലുണ്ടായിരുന്നത്.