വാഷിംഗ്ടണ്‍: സാങ്കേതിക തടസങ്ങളെത്തുടർന്ന് നാസയുടെ ആർട്ടിമിസ് 2 ചാന്ദ്രദൗത്യം വീണ്ടും നീട്ടിവെച്ചു. 2026 മാർച്ചില്‍ നടക്കാനിരുന്ന വിക്ഷേപണം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഔദ്യോഗികമായി അറിയിച്ചു.
സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ഹീലിയം പ്രവാഹവുമായി ബന്ധപ്പെട്ട തടസമാണ് വിക്ഷേപണം നീട്ടാൻ പ്രധാന കാരണം. ഇത് പരിഹരിക്കാൻ കൂടുതല്‍ സമയം ആവശ്യമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
തകരാർ വിശദമായി പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി കൂറ്റൻ എസ്‌എല്‍എസ് റോക്കറ്റും ഓറിയോണ്‍ ബഹിരാകാശ പേടകവും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംഗിലേക്ക് തിരികെ മാറ്റും.
അൻപത് വർഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയിലെ സുപ്രധാന ദൗത്യമാണ് ആർട്ടിമിസ് 2. മൂന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും ഒരു കനേഡിയൻ സഞ്ചാരിയും ഉള്‍പ്പെടുന്ന സംഘം ചന്ദ്രനെ വലംവെച്ച് തിരികെ വരുന്ന പത്ത് ദിവസത്തെ ദൗത്യമാണിത്.
2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് നാസയുടെ ദൗത്യം പ്രതിസന്ധിയിലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രഖ്യാപിച്ച ഈ ലക്ഷ്യം പൂർത്തിയാക്കാൻ നാസ കഠിനശ്രമത്തിലാണ്.



