കാബൂൾ: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാക്-അഫ്ഗാൻ അതിർത്തിയില്‍ സംഘർഷം രൂക്ഷമാകുന്നു.
നംഗർഹാർ, പക്തിക പ്രവിശ്യകളില്‍ പാകിസ്ഥാൻ നടത്തിയ ബോംബാക്രമണത്തില്‍ 28 പേർ കൊല്ലപ്പെട്ടു.

റംസാൻ മാസത്തില്‍ മദ്രസകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രവർത്തിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടന പാകിസ്ഥാനില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പാക് സർക്കാർ ആരോപിക്കുന്നത്. അടുത്തിടെ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ഒരു ചെക്ക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 16 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണത്തിന് പ്രതികാരമായാണ് അഫ്ഗാൻ അതിർത്തിയില്‍ വ്യോമാക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിക്കുന്നു. ടിടിപിയുടെയും അനുബന്ധ സംഘടനകളുടെയും ഏഴ് തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു.
എന്നാല്‍ പാകിസ്ഥാൻ്റെ നടപടി തങ്ങളുടെ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമത്തിൻ്റെയും വ്യക്തമായ ലംഘനമാണെന്ന് അഫ്ഗാനിസ്ഥാൻ ദേശീയ പ്രതിരോധ മന്ത്രാലയവും താലിബാനും പ്രതികരിച്ചു.
പാക് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഡസൻ കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി.
പക്തിക പ്രവിശ്യയിലെ ബെർമല്‍, അർഘുൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി, ബസോദ്, ഘാനി ഖേല്‍ ജില്ലകളിലുമാണ് പാക് സൈന്യം ബോംബ് വർഷിച്ചത്.
ബെർമലിലെ ബനൂസി മദ്രസ ആക്രമണത്തില്‍ പൂർണ്ണമായും തകർന്നതായി റിപ്പോർട്ടുകളുണ്ട്. ബിഹ്‌സുദില്‍ ഒരു വീടിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 17 പേരില്‍ 12 പേരും കുട്ടികളാണെന്ന് അഫ്ഗാൻ സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.



