‘ആലിന്റെ പേര് എന്നും ഓര്‍മിക്കപ്പെടും; മന്‍കി ബാത്തില്‍ ആലിനെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി, രക്ഷിതാക്കള്‍ക്ക് അഭിനന്ദനം

ന്യൂഡല്‍ഹി: അവയവദാനത്തിലൂടെ പുതുചരിത്രം കുറിച്ച ആലിൻ ഷെറിനെക്കുറിച്ച്‌ മൻ കീ ബാത്തില്‍ പരാമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഏറെ കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നെന്നും സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമെല്ലാമായ കുഞ്ഞിന്‍റെ വിയോഗത്തിലും അവയവ ദാനത്തിലേക്കെത്തിയ മാതാപിതാക്കളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹനീയ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്‍റെയും പ്രതീകമാണ് അവരുടെ തീരുമാനമെന്നും ആലിൻ ഷെറിൻ എന്ന പേര് എല്ലാക്കാലത്തും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാനച്ചില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. അവയവദാനം മഹത്തായ ഒന്നാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. മെഡിക്കല്‍ ഗവേഷണ രംഗത്ത് മുൻപന്തിയിലാണെന്നും അവയവം സ്വീകരിച്ച പലരും ഇപ്പോള്‍ സാധാരണമായ രീതിയില്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിൻ ആൻ ജോണ്‍ എന്നിവരുടെ മകളാണ് പത്തു മാസം മാത്രം പ്രായമുള്ള ആലിൻ. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്‍റെ കരള്‍, വൃക്ക, നേത്രപടലം, ഹൃദയവാല്‍വ് എന്നിവയാണ് ദാനം ചെയ്തത്. ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കരള്‍ നല്‍കിയത്. വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കിംസിലും വിജയകരമായി പൂർത്തിയാക്കി.