ഇറാനില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; തെരുവുകളില്‍ വൻ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ടെഹ്‌റാൻ: ഇറാനിലെ വിവിധ സർവ്വകലാശാലകളില്‍ സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ജനുവരിയില്‍ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തലുകള്‍ക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തില്‍ ശനിയാഴ്ച ടെഹ്‌റാനിലെ ശരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലാണ് നൂറുകണക്കിന് വിദ്യാർത്ഥികള്‍ മാർച്ച്‌ നടത്തിയത്. തുടർന്ന് പ്രകടനക്കാർക്ക് നേരെ സർക്കാർ അനുകൂലികള്‍ രംഗത്തെത്തിയതോടെ പലയിടത്തും സംഘർഷമുണ്ടായി.

ഏകാധിപത്യം അവസാനിക്കട്ടെ, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചത്. പരമോന്നത നേതാവ് അലി ഖൊമേനിയെ ലക്ഷ്യമിട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന പ്രതിഷേധം.ടെഹ്‌റാനിലെ ശരീഫ് യൂണിവേഴ്‌സിറ്റിക്ക് പുറമെ ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി, അമീർ കബീർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. വടക്കുകിഴക്കൻ നഗരമായ മഷാദിലും വിദ്യാർത്ഥികള്‍ തെരുവിലിറങ്ങി.

സമാധാനപരമായി തുടങ്ങിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികള്‍ രംഗത്തെത്തിയത് നേരിയ തോതിലുള്ള ഉരസലുകള്‍ക്ക് കാരണമായി. പലയിടങ്ങളിലും വിദ്യാർത്ഥികളും സുരക്ഷാ സേനയും തമ്മില്‍ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ജനുവരിയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് വലിയ സർക്കാർ വിരുദ്ധ മുന്നേറ്റമായി മാറിയിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു അത്.ജനുവരിയിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി വിരുദ്ധമായ കണക്കുകളാണ് പുറത്തുവരുന്നത്. 5,800-ഓളം പ്രക്ഷോഭകർ ഉള്‍പ്പെടെ 6,159 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഹരാന അവകാശപ്പെടുമ്പോള്‍, 3,100 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിക്കുന്നത്.

ഇറാൻറെ ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയുമായുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇറാന്റെ നീക്കങ്ങള്‍ ആണവായുധ നിർമ്മാണത്തിലേക്കാണെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുമ്പോള്‍ ഇറാൻ ഇത് നിഷേധിക്കുകയാണ്. ഞായറാഴ്ചയും കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താൻ വിദ്യാർത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.