ദുരുപദേഷ്ടാക്കന്മാരുടെയും ദ്രവ്യാഗ്രഹികളുടെയും ദുരന്ത ഭൂമി!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

പിതാക്കന്മാരും വില കൊടുത്ത് ഇറങ്ങിയവരും അന്ന് സുവിശേഷവുമായി തെരുവുകൾ തോറും നടന്ന് അവരുടെ കാലുകൾ കുഴഞ്ഞിരുന്നു. ഇന്നുള്ള സുവിശേഷ മുതലാളിമാരുടെ കൈകൾ പണമെണ്ണി കുഴയുകയാണ്. ഇന്ന് പലരും പ്രവചനം എന്ന മഹൽ ശുശ്രൂഷയുടെ മറവിൽ ജോത്സ്യന്മാരും, ജ്യോതിഷം പറയുന്നവരും ആയി മാറിയിരിക്കുന്നു.

ഇവരുടെ ദൈവം വയറും, ഇവരുടെ അവസാനം നാശവും അത്ര (ഫിലിപ്പിയർ 3 19). വചനവുമായി പുലബന്ധം ഇല്ലാത്ത ഇവരുടെ ശുശ്രൂഷകൾ കണ്ട് സ്വർഗ്ഗം അനുതപിക്കുന്നു, ഇവർക്ക് അയ്യോ കഷ്ടം. ഇവർ ആടുകളെ കരുതുന്നവരല്ല, കവരുന്നവരത്രേ. ഇവരുടെ നോട്ടം നീരോട്ടം ഉള്ളതും, തടിച്ചതും, കൊഴുത്തതും അത്ര.

സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിച്ച് തിരശ്ശീലക്കുള്ളിൽ മറഞ്ഞു പോയവർക്ക് ഇവർ ആക്ഷേപവും, സ്വർഗ്ഗത്തിന് ദുഃഖവും അത്ര.

യേശു തൻ്റെ പരസ്യ ശുശ്രൂഷ കാലഘട്ടത്തിൽ പലപ്പോഴും പ്രസംഗിച്ചതും പഠിപ്പിച്ചതും തെരുവുകളിലും വഴിയോരങ്ങളിലും കടൽക്കരകളിലും അത്രേ. കൺവെൻഷൻ സെൻററുകളിലും സ്റ്റേഡിയത്തിലും യേശുവിനെ കാണുന്നില്ല. കവല പ്രസംഗകരെ പുച്ഛിക്കുന്നവർ ഓർത്തു കൊള്ളണം എത്രയോ കവല ചട്ടമ്പിമാരും വീരപ്പന്മാരും അവരുടെ ശബ്ദത്തിലൂടെ യേശുവിനെ കണ്ടുമുട്ടി. കണക്ക് സ്വർഗ്ഗത്തിൽ.

പുഴവക്കത്ത് പ്രസംഗിച്ച പൗലോസും ഗസയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്ക് പോയ ഫിലിപ്പോസ് ഉപദേശിയും ഗലീല തീരത്ത് സുവിശേഷം പറഞ്ഞ കർത്താവും ഇന്നുള്ള പ്രസംഗകരെ നോക്കി ഒരുപക്ഷേ കരയുന്നുണ്ടാവും. കാരണം ഒരു മനുഷ്യ ആത്മാവിൻ്റെ വില സർവ്വലോകത്തെകാളും വലുതാണ്.

രണ്ട് കാശ് ഇട്ട ദരിദ്രയായ വിധവ പിച്ച കാശല്ല, എല്ലാവരെക്കാളും അധികം ഇട്ടു എന്ന് സംസാരിച്ചു കർത്താവ്. നട്ടുച്ച നേരത്ത് ശമര്യയുടെ തെരുവിൽ ദാഹജലത്തിനു വന്നവൾക്ക് ജീവജലം തുറന്നു കൊടുത്ത മിശിഹാ, നയിനിലെ വിധവയോട് കരയേണ്ട എന്നു പറഞ്ഞവൻ, സമൂഹത്തിൻ്റെ അറപ്പായിരുന്ന കുഷ്ഠരോഗിയെ തൊട്ടവൻ, ബർത്തിമായിയെ വിളിക്കുക എന്ന് സംസാരിച്ചവൻ യെരുശലേമിനെ ചൊല്ലി അന്ന് കരഞ്ഞുവെങ്കിൽ ഇന്ന് സ്റ്റേജ് ഷോകളും, സുവിശേഷവേലയുടെ മറവിൽ നടത്തുന്ന കള്ള പണപ്പിരിവുകളും കണ്ട് കരയുകയത്രേ ചെയ്യുന്നത്.

മോഡിയുള്ള വസ്ത്രം ധരിച്ചു മോഡിയുള്ള കാറിൽ വരുന്നവനെ മുമ്പിലിരുത്തി പൂജിക്കുകയും, നിർധനനെയും, പട്ടിണിക്കാരനെയും പുച്ഛിക്കുന്ന പ്രസംഗവേദി ക്രിസ്തുവിൻ്റേതോ? അവൻ എളിയവനെ പൊടിയിൽ നിന്ന് എഴുന്നേൽപ്പിക്കുന്നവനും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുന്നവനും അത്രേ. ഇതു മറക്കരുതേ!

വചനം പ്രസംഗിക്കുന്ന പ്രസംഗികൾ സമൂഹത്തെയും, കേൾക്കുന്നവരെയും അധിക്ഷേപിച്ചുകൊണ്ട് എടോ താൻ ഒന്നും ഒരു ചുക്കും അല്ലെന്നും, പോടോ എന്നും പറയുന്ന വാക്കുകൾ ഉസിയാവിൽ നിന്നത്രേ. സഹോദരനെ നിസ്സാര എന്നു പറഞ്ഞാൽ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും. മൂഡാ എന്ന് പറഞ്ഞാലോ അഗ്നി നരകത്തിന് നീ യോഗ്യനാകും (മത്തായി 5: 22) എന്ന് പറഞ്ഞവൻ്റെ മുമ്പിൽ ഇവർ നടുങ്ങട്ടെ. ഇന്ന് സുവിശേഷവേല ആദായമാർഗമാക്കി ധനമെന്ന മാമോൻ പെന്തക്കോസിനകത്ത് കയറി വരുമാനം വർദ്ധിപ്പിച്ച് വീമ്പിളക്കി ജനത്തെ പരിഹസിക്കുന്ന ഇവർ വക്ര നക്ഷത്രങ്ങൾ അത്ര.

പള്ളിമേടകളിൽ വസിക്കുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പാർക്കുകയും കൂടെക്കൂടെ പറക്കുകയും ചെയ്യുന്ന ഇക്കൂട്ടർ സഞ്ചരിക്കുന്ന സുനാമികളത്രേ. ഇവരെ ദൈവസഭ അകറ്റി നിർത്തണം.

കള്ള പ്രവാചകന്മാരും, ദുരുപദേശാക്കന്മാരും ഇപ്പോൾ എല്ലായിടത്തും തല ഉയർത്തുകയാണ്. വിശ്വാസവീരന്മാരുടെ പട്ടികയിൽ ഇവരുടെ പേരുകൾ കാണില്ല മതത്തിൻ്റെയും ദൈവങ്ങളുടെയും പേരിൽ നടത്തുന്ന ചൂഷണവും പിടിച്ചുപറികളും പിടിക്കപ്പെടുന്ന ഒരു നാൾ അതിവിദൂരമല്ല. ദവ്യാഗ്രഹത്തിൽ ബിരുദം എടുത്ത ഇവർ കൗശല വാക്ക് പറഞ്ഞും, പേടിപ്പിച്ചും സാധുക്കളുടെ പേഴ്സ് തുറപ്പിച്ച് പണമടിച്ചുമാറ്റുന്ന ഇവർ ചമ്പൽ കൊള്ളക്കാർ അത്രേ.

വിശ്വാസികളെ കസ്റ്റമേഴ്സും, വാണിഭവും ആക്കി മാറ്റുന്ന ഇവർ ദൈവസഭയ്ക്ക് അപമാനമാണ്. ഇവർ വെള്ളമില്ലാത്ത കിണറുകളും
(2 പത്രോസ് 2: 17), ഇലകൊഴിഞ്ഞും, ഫലമില്ലാതെ രണ്ടുരു ചത്തും, വേരറ്റും പോയ വൃക്ഷങ്ങൾ. തങ്ങളുടെ നാണക്കേട് നുരച്ചു തള്ളുന്ന കൊടിയ കടൽ തിരകൾ
(യൂദാ 12,13). ഇവർ കേൾക്കുന്ന ശബ്ദം ഞാൻ നിങ്ങളെ ഒരു നാളും അറിയുന്നില്ല, അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടു പോകുവിൻ എന്നാണ്.(മത്തായി 7: 23 24)