വാഷിങ്ടണ്‍: യുഎസ് സുപ്രീം കോടതിയുടെ നിർണായക വിധിയെ വെല്ലുവിളിച്ച് വീണ്ടും അധിക ചുങ്കവുമായി ഡൊണാള്‍ഡ് ട്രംപ്.
ലോക രാജ്യങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രഖ്യാപനം. ജഡ്ജിമാർക്ക് രാജ്യ സ്നേഹമില്ലെന്നും ട്രംപ് കടന്നാക്രമിച്ചു. ഈ വിധി രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം വിമർശിച്ചു.
“വിധി അങ്ങേയറ്റം നിരാശാജനകമാണ്. നമ്മുടെ രാജ്യത്തിനായി നല്ലത് ചെയ്യാൻ ധൈര്യപ്പെടാത്ത ചില കോടതി അംഗങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. അവർ റിനോകള്‍ക്കും (RINO) തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകള്‍ക്കും വേണ്ടി നിലകൊള്ളുന്ന വിഡ്ഢികളും ലാപ്‌ഡോഗുകളുമാണ്,” എന്നാണ് ട്രംപിൻ്റെ ആദ്യ പ്രതികരണം.
സുപ്രീം കോടതിയെ വിദേശ താല്‍പ്പര്യങ്ങള്‍ സ്വാധീനിക്കുന്നതായും ട്രംപ് ആരോപിച്ചു. അതേസമയം, വിധിയോട് വിയോജിച്ച ജസ്റ്റിസുമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരെ ട്രംപ് അഭിനന്ദിച്ചു. അവരുടെ കരുത്തിനും പാണ്ഡിത്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ഏകപക്ഷീയമായി തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അദ്ദേഹം ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 6-3 എന്ന വോട്ട് നിലയിലായിരുന്നു കോടതി വിധി. 1977ലെ ഇൻ്റർനാഷണല്‍ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (IEEPA) എന്ന നിയമപ്രകാരം ഈ ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്ന് കോടതി വിധിച്ചു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.



