ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ. ഷാഹിദയെയും നഴ്സ് പി .എസ്. ധന്യയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയയില്‍ പിഴവുണ്ടായതില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വിദഗ്ധസമിതിയെ അന്വേഷണത്തിന് നിശ്ചയിച്ചിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറൻസിക് വിഭാഗം മേധാവിയും സർജറി വിഭാഗം പ്രൊഫസറുമാണ് അന്വേഷണസംഘത്തിലുള്ളത്.
അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ 59കാരി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് ഉഷയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. വീട്ടിലെത്തിയശേഷം കടുത്ത വേദനയും തുടർച്ചയായി രക്തസ്രാവവും ഉണ്ടായി. പല ഡോക്ടർമാരും ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. വർഷങ്ങളോളം കുത്തിവയ്പ് എടുത്തും മരുന്ന് കഴിച്ചും കഴിയുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞു മടക്കി അയച്ചു. കഴിഞ്ഞ ദിവസം ഒരു യൂറോളജി ഡോക്ടറെ സമീപിച്ചപ്പോള്‍ എക്സ് റേ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്‍കി. എക്സ് റേ പരിശോധനയിലാണ് വയറിനുള്ളില്‍ കത്രികകുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാൻ നിർദ്ദേശിക്കുകയായിരുന്നു.



