ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സുരക്ഷാ സേനയും ബലൂച് പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. തങ്ങളുടെ കസ്റ്റഡിയിലുള്ള ഏഴ് പാക് സൈനികരെ വിട്ടയക്കാൻ പകരമായി ബലൂച് തടവുകാരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ) പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നല്‍കി.
നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സൈനികരെ വധിക്കുമെന്നാണ് ഭീഷണി.
ബിഎല്‍എയുടെ മീഡിയ വിഭാഗമായ ‘ഹക്കല്‍’ ആണ് വീഡിയോ സന്ദേശത്തിലൂടെ ഏഴ് ദിവസത്തെ അന്ത്യശാസനം പ്രഖ്യാപിച്ചത്. അതേസമയം പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ഓപ്പറേഷൻ ഹെറോഫ്’ രണ്ടാം ഘട്ടത്തിനിടെ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയതായി ബിഎല്‍എ പറയുന്നു. ഇതില്‍ 10 പേരെ വിട്ടയച്ചു. മോചിപ്പിക്കപ്പെട്ട 10 പേർ ബലൂചിസ്ഥാൻ സ്വദേശികളാണ്. ഇവരെ താക്കീത് നല്‍കി വിട്ടയച്ചതായി ബിഎല്‍എ അറിയിച്ചു. ഏഴ് പേർ ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്നാണ് ബിഎല്‍എയുടെ അവകാശവാദം. ഇവരുടെ കുറ്റസമ്മത മൊഴി ബലൂച് വിചാരണ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബലൂച് നേതാക്കള്‍ പറയുന്നു.
തടവിലുള്ള ഏഴ് പേരും പാക് സൈനികരാണെന്നാണ് ബിഎല്‍എ പറയുന്നത്. ബലൂച് ജനതയ്‌ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ഗ്രൂപ്പിന്റെ ആരോപണം. പാകിസ്ഥാൻ സർക്കാർ തടവിലാക്കിയിരിക്കുന്ന ബലൂച് തടവുകാരെ വിട്ടയച്ചാല്‍ പകരം ഏഴ് സൈനികരെയും മോചിപ്പിക്കാമെന്നാണ് ബിഎല്‍എയുടെ വാഗ്ദാനം. ബിഎല്‍എ പുറത്തുവിട്ട വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സൈനികർ കസ്റ്റഡിലുണ്ടെന്ന ബിഎല്‍എയുടെ അവകാശവാദം സംബന്ധിച്ച് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാനിലെ പാക് സാന്നിധ്യത്തെ അധിനിവേശം എന്നാണ് ബിഎല്‍എ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പാകിസ്ഥാൻ ബി എല്‍ എയെ ഭീകര സംഘടനയായിട്ടാണ് കണക്കാക്കുന്നത്. അമേരിക്കയും യുകെയും ഈ ഗ്രൂപ്പിനെ നിരോധിച്ചിട്ടുണ്ട്.



