ഉത്തര്‍പ്രദേശില്‍ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിന് മുകളില്‍ വീണ് സമാജ്‌വാദി പാര്‍ട്ടി നേതാവിന് ദാരുണാന്ത്യം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ നിര്‍മ്മാണത്തിലിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഓടുന്ന കാറിന് മുകളില്‍ തകര്‍ന്നു വീണ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു.

പ്രാദേശിക നേതാവും പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായ ലാല്‍ ബഹാദൂര്‍ യാദവ് (48) ആണ് മരിച്ചത്. ഞായറാഴ്ച ബാബുഗഞ്ചിലെ തിരക്കേറിയ മാര്‍ക്കറ്റ് പ്രദേശത്ത് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ബാബുഗഞ്ചിലെ വീട്ടില്‍ നിന്ന് ജോലി ആവശ്യത്തിനായി പ്രതാപ്ഗഡ് നഗരത്തിലേക്ക് ക്രെറ്റ കാറില്‍ പോവുകയായിരുന്നു ലാല്‍ ബഹാദൂര്‍ യാദവ്.

വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍, ക്രെയിന്‍ ഉപയോഗിച്ച്‌ ഭാരത് പെട്രോളിയത്തിന്റെ ഹൈമാസ്റ്റ് ലൈറ്റ് തൂണ്‍ സ്ഥാപിക്കുന്ന ജോലി നടക്കുകയായിരുന്നു.

ഏകദേശം 40 ക്വിന്റല്‍ ഭാരമുള്ള തൂണ്‍ ഉയര്‍ത്തുന്നതിനിടെ ക്രെയിനിന്റെ സ്ട്രാപ്പ് പെട്ടെന്ന് പൊട്ടി വീഴുകയായിരുന്നു. കൂറ്റന്‍ ഇരുമ്പ് തൂണ്‍ യാദവ് സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് നേരിട്ടാണ് പതിച്ചത്.

തൂണ്‍ വീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി കാര്‍ വെട്ടിപ്പൊളിച്ച്‌ യാദവിനെ പുറത്തെടുത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.