അമേരിക്കയിലെ കാലിഫോർണിയയില്‍ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയില്‍ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിച്ചിരുന്ന സാകേതിനെ കഴിഞ്ഞ ഫെബ്രുവരി 9-നാണ് കാണാതായത്. ആറ് ദിവസത്തെ തീവ്രമായ തെരച്ചിലിനൊടുവിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കർണാടക സ്വദേശിയായ സാകേത്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ കെമിക്കല്‍ ആൻഡ് ബയോമോളികുലർ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥിയായിരുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഐഐടി മദ്രാസിലെ പഠനത്തിന് ശേഷമാണ് സാകേത് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് തിരിച്ചത്. പഠനകാര്യങ്ങളില്‍ അതീവ മിടുക്കനായിരുന്ന ഇദ്ദേഹം ഐഐടിയില്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് പൂർത്തിയാക്കിയിരുന്നു. പോളിമർ എഞ്ചിനീയറിംഗ്, കൊളോയിഡ് സയൻസ് ലാബ് എന്നിവിടങ്ങളില്‍ ഗവേഷകനായി പ്രവർത്തിച്ച സാകേത്, യുനിലിവർ, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവിടങ്ങളിലും ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പഠനത്തിനൊപ്പം തന്നെ ഐഐടി മദ്രാസിലെ സ്റ്റുഡന്റ് ഇ-സെല്ലില്‍ (E-Cell) വിവിധ നേതൃപദവികളും സാകേത് വഹിച്ചിരുന്നു. ബെർക്ക്‌ലിയിലെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ എംഎസ് വിദ്യാർത്ഥിയായിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്.
കാണാതായ ദിവസം സർവകലാശാല ക്യാമ്പസിന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. ഇതിനെത്തുടർന്ന് ലേക്ക് അൻസ, ബെർക്ക്‌ലി ഹില്‍സ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള തെരച്ചില്‍ നടന്നിരുന്നു.
തെരച്ചിലിനിടെ ടില്‍ഡൻ റീജിയണല്‍ പാർക്കിന് സമീപമുള്ള ഒരു വീടിനടുത്തുനിന്ന് സാകേതിന്റെ പാസ്പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെങ്കിലും മരണകാരണത്തെക്കുറിച്ച് പോലീസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് നേരെ അമേരിക്കയില്‍ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സാകേതിന്റെ മരണം പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കുടുംബത്തിന് എല്ലാ ആശ്വാസവും നല്‍കുന്നതായും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.



