ഭുവനേശ്വര്‍: വിദ്യാഭ്യാസ യോഗ്യതയും കഴിവും ഉണ്ടായിട്ടും ജാതീയമായ വിവേചനത്തിന് ഇരയായി യുവതിയും കുടുംബവും.ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ നൗഗാവ് ഗ്രാമത്തിലാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം.
ദളിത് സമുദായത്തില്‍പ്പെട്ട ശര്‍മിഷ്ഠ സേഠി (21) എന്ന യുവതിയെ അംഗന്‍വാടിയില്‍ പാചകക്കാരിയായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ തങ്ങളുടെ കുട്ടികളെ അംഗന്‍വാടിയിലേക്ക് അയക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
സ്വന്തം സമുദായത്തില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ വിദ്യാര്‍ത്ഥിനിയും ഗ്രാമത്തില്‍ നിന്ന് സര്‍ക്കാര്‍ ജോലി ലഭിച്ച ചുരുക്കം ചിലരില്‍ ഒരാളുമാണ് ശര്‍മിഷ്ഠ. 5,000 രൂപ ശമ്പളമുള്ള ഈ ജോലിക്കായി ഗ്രാമത്തില്‍ നിന്ന് അപേക്ഷിച്ച ഏക വ്യക്തിയും ശര്‍മിഷ്ഠയായിരുന്നു.
നവംബറില്‍ ശര്‍മിഷ്ഠ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ഉയര്‍ന്ന ജാതിക്കാരായ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശര്‍മിഷ്ഠ പാകം ചെയ്ത ഭക്ഷണം കുട്ടികള്‍ കഴിച്ചാല്‍ ‘ദൈവകോപം’ ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.
കഴിഞ്ഞ നാലു മാസമായി ഈ അംഗന്‍വാടിയില്‍ കുട്ടികള്‍ എത്തുന്നില്ല. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കുന്ന റേഷന്‍ പോലും വാങ്ങാന്‍ ആരും തയ്യാറാകുന്നില്ല.
‘ഞാന്‍ ജോലിയില്‍ പ്രവേശിച്ച ദിവസം 50-60 ഗ്രാമവാസികള്‍ എന്നെയും അച്ഛനെയും വളഞ്ഞു. ഞാന്‍ എന്തിന് ഈ ജോലിക്ക് അപേക്ഷിച്ചു എന്നാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ പാകം ചെയ്ത ഭക്ഷണം വേണ്ടെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ എങ്കിലും വാങ്ങാന്‍ ഞാന്‍ അവരോട് കരഞ്ഞു പറഞ്ഞു, പക്ഷേ ആരും കേട്ടില്ല.’
ശനിയാഴ്ച ജില്ലാ ഭരണകൂടവും സംസ്ഥാന വനിതാ കമ്മീഷനും ഗ്രാമം സന്ദര്‍ശിച്ചു. വിശ്വാസം വീണ്ടെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ തന്നെ ശര്‍മിഷ്ഠ പാകം ചെയ്ത ഭക്ഷണം കഴിക്കുമെന്ന് സബ് കളക്ടര്‍ അരുണ്‍ കുമാര്‍ നായിക് പറഞ്ഞു. ബഹിഷ്‌കരണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമവാസികള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



