ലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നവാല്‍നിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്.
വിഷമുള്ള തവളകളില്‍ നിന്ന് ലഭിക്കുന്ന എപ്പിബാറ്റിഡിൻ എന്ന മാരകവിഷം ഉപയോഗിച്ചാണ് നവാല്‍നിയെ കൊലപ്പെടുത്തിയതെന്നാണ് യുകെ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങള്‍ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആരോപിക്കുന്നത്.
നവാല്‍നിയുടെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ ലാബ് പരിശോധനയിലാണ് എപ്പിബാറ്റിഡിൻ സാന്നിധ്യം കണ്ടെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ചില വിഷമുള്ള തവളകളിലാണ് സാധാരണയായി ഈ വിഷം കാണപ്പെടുന്നത്; റഷ്യയില്‍ ഇത് സ്വാഭാവികമായി ലഭ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ലണ്ടനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഈ വിഷം ഉപയോഗിക്കാൻ ആവശ്യമായ മാർഗ്ഗവും പ്രേരണയും അവസരവും റഷ്യയ്ക്കുണ്ടായിരുന്നുവെന്ന് അഞ്ചു രാജ്യങ്ങളും ആരോപിച്ചു. കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെൻഷൻ ലംഘിച്ചതായി ചൂണ്ടിക്കാട്ടി വിഷയം ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന് മുന്നില്‍ റിപ്പോർട്ട് ചെയ്തതായും അവർ അറിയിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ, നവാല്‍നിയെ റഷ്യൻ ഭരണകൂടം രാഷ്ട്രീയ ഭീഷണിയായി കണ്ടിരുന്നുവെന്നും ഈ സംഭവത്തില്‍ അത് വ്യക്തമായെന്നും പ്രസ്താവിച്ചു.
അഴിമതിവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും പ്രസിഡന്റ് വ്ലാഡ്മിർ പുടിനെതിരായ പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നവാല്‍നി 2024 ഫെബ്രുവരിയില്‍ ആർട്ടിക് പ്രദേശത്തെ ജയിലില്‍ കഴിയവേ മരിച്ചിരുന്നു. 19 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നി, ഭർത്താവിന് മരണത്തിന് തൊട്ടുമുമ്പ് വിഷം നല്‍കിയതായി സ്വതന്ത്ര ലബോറട്ടറികള്‍ കണ്ടെത്തിയതായി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ മരണത്തിന് പ്രസിഡന്റ് പുടിനാണ് ഉത്തരവാദിയെന്ന് അവർ ആരോപിച്ചു. എന്നാല്‍ റഷ്യൻ അധികൃതർ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
2020-ല്‍ നവാല്‍നിക്കെതിരെ വിഷപ്രയോഗം നടന്നതായും പിന്നീട് ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോയതായും മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് റഷ്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയിലില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നത്.



