ദേശീയ പാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ദിബ്രുഗഢ് :ദേശീയ പാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഏക ദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് ദേശീയ പാതയില്‍ ലാന്‍ഡ് ചെയ്തത്.

ദേശീയ പാതയില്‍ നിര്‍മ്മിച്ച പ്രത്യേക റണ്‍വേയില്‍ വ്യോമ സേനാ വിമാനത്തില്‍ പ്രധാനമന്ത്രിയുടെ ലാന്‍ഡിംഗ് ചരിത്രപരമായി.

അസമിലെ മോറാനും ഡെമോവിനും ഇടയിലുള്ള ദേശീയ പാതയിലെ 4.2 കിലോമീറ്റര്‍ നീളമുള്ള പ്രത്യേക ഭാഗത്താണ് എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പ് നിര്‍മ്മിച്ചത്. നൂറ് കോടി രൂപ ചെലവിലാണ് സംവിധാനം ഒരുങ്ങിയത്. സൈനിക വിമാനങ്ങള്‍ക്ക് പുറമേ യാത്രാ വിമാനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് സൌകര്യം നിര്‍മ്മിച്ചിട്ടുള്ളത്. 40 ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ക്ക് ഇവിടെ ലാന്‍ഡ് ചെയ്യാനും 74 ടണ്‍ ഭാരമുള്ള വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. ഇന്ത്യയില്‍ 2021ലാണ് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ആദ്യമായി എമര്‍ജന്‍സി ലാന്‍ഡിംഗ് സൌകര്യം ഒരുങ്ങിയത്.

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു ദേശീയ പാതയില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. ഒരു പ്രധാനമന്ത്രി വിമാനത്താവളത്തിന് പകരം ഹൈവേയില്‍ ലാന്‍ഡ് ചെയ്യുന്നത് ഇതാദ്യമായാണ്. ദേശീയ പാത 37ല്‍ ശനിയാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് ശേഷം പ്രധാനമന്ത്രി ഈ എമര്‍ജന്‍സി ലാന്‍ഡിംഗ് സൗകര്യം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സൗകര്യം വലിയ കരുത്തുപകരും. ഉദ്ഘാടനത്തിന്റെ ഭാഗമായി റാഫേല്‍, സുഖോയ്-30 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെട്ട വിപുലമായ വ്യോമാഭ്യാസ പ്രകടനവും സംഘടിപ്പിച്ചു. ഏകദേശം 16 വിമാനങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

ഏകദിന അസം സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഉദ്ഘാടനം, ഐ.ഐ.എം ഗുവാഹത്തിയുടെ താല്‍ക്കാലിക കാമ്ബസ് ഉദ്ഘാടനം തുടങ്ങിയ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തു. ദേശീയ സുരക്ഷയ്ക്കും തന്ത്രപരമായ നീക്കങ്ങള്‍ക്കും വടക്കുകിഴക്കന്‍ മേഖലയില്‍ ഇത്തരം ഹൈവേ റണ്‍വേകള്‍ നിര്‍ണ്ണായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യോമസേനയുടെ പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷമാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്.