ആലിൻ എബ്രഹാമിന്റെ സംസ്‌കാരം നാളെ; അവയവങ്ങള്‍ സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങള്‍ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്‌കാരം നാളെ നടക്കും.

ആലിന്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ ചർച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും.

കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അർധരാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂർത്തിയായിരുന്നു. ആലിൻ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ വ്യക്തമായ വിവരമില്ല.

എസ്‌ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂർത്തിയായത്. അതേസമയം ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്‌ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകർത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.