യുഎസില്‍ പൊലീസ് വാഹനം ഇടിച്ച്‌ ഇന്ത്യൻ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിങ്ടണ്‍: യുഎസില്‍ പൊലീസ് വാഹനം ഇടിച്ച്‌ 23കാരിയായ ഇന്ത്യൻ വിദ്യാ‍ർത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 29 ദശക്ഷം ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു.

വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ടത്.

സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഒത്തുതീര്‍പ്പ് വിദ്യാ‍ർത്ഥിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം. വാഹനമോടിച്ച യുഎസ് പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിടാനും നിർദേശമുണ്ട്.