എത്തിച്ചേരാന്‍ തീരമില്ലാതെ തുടങ്ങുന്ന യാത്രകള്‍ എവിടെയും അവസാനിക്കില്ല

വലിയ വാലും ചെറിയ തലയുമുളള ആ കടല്‍ ജീവി ദിവസങ്ങളായി അവിടെ അലഞ്ഞ് തിരിയുന്നത് കണ്ട് മത്സ്യം കാര്യമന്വേഷിച്ചു.

കടല്‍ ജീവി പറഞ്ഞു: ഞാന്‍ എന്റെ അമ്മയെ തിരയുകയാണ്. മത്സ്യത്തിന് സഹതാപമായി. താനും അമ്മയെ അന്വേഷിക്കാന്‍ ഒപ്പം കൂടാം എന്നായി മത്സ്യം.

അപ്പോള്‍ കടല്‍ ജീവി പറഞ്ഞു: പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ഞാനിതുവരെ എന്റെ അമ്മയെ കണ്ടിട്ടില്ല. കണ്ടാല്‍ എങ്ങനെയിരിക്കുമെന്നും എനിക്കറിയില്ല. എന്നെ ഒന്ന് സഹായിക്കാമോ? കടല്‍ ജീവി മത്സ്യത്തോട് ചോദിച്ചു.

ഒരിക്കലും കാണാത്തയാളെ എങ്ങിനെ അന്വേഷിക്കും? എവിടെ ചെന്ന് അന്വേഷിക്കും? എന്ത് അടയാളം വെച്ച് അന്വേഷിക്കും ?

മത്സ്യത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും കടല്‍ ജീവിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ മത്സ്യം നിസ്സഹായയായി.

അര്‍ത്ഥമില്ലാത്ത അന്വേഷണങ്ങളാണ് ആര്‍ക്കും ഉപകാരപ്പെടാത്ത യാത്രകള്‍ക്ക് കാരണം. കാതലായ കാര്യമില്ലാതെ നടത്തുന്ന പല യാത്രകള്‍ക്കും തുടക്കമുണ്ടാകും. പക്ഷേ, ഒടുക്കമുണ്ടാകണമെന്നില്ല.

ദേശാടനവും യാത്രയും തമ്മില്‍ വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. ചില യാത്രകള്‍ക്ക് ഉത്തരം ഉറവിടത്തില്‍ തന്നെയായിരിക്കും. ഉറവിടത്തില്‍ അന്വേഷിക്കേണ്ടവയെ തേടി ഊര് ചുററരുത്.

എത്തിച്ചേരാന്‍ തീരമില്ലാതെ തുടങ്ങുന്ന യാത്രകള്‍ എവിടെയും അവസാനിക്കില്ല. എവിടേക്ക്, എന്തിന് വേണ്ടി എന്നീ ഉത്തരങ്ങളുമായി നമുക്ക് യാത്ര തുടങ്ങാനും അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാനും സാധിക്കട്ടെ , യാത്രകള്‍ സഫലമായിത്തീരട്ടെ – ശുഭദിനം