എം.എ വർഗീസിൻ്റെ പ്രസ്താവന തീരെ നിലവാരം കുറഞ്ഞതും ഒപ്പം സുവിശേഷകരെ വേദനിപ്പിക്കുന്നതും

റവ. ഡോ. കെ. ജെ. മാത്യു, പുനലൂർ

പാസ്റ്റർ വർഗീസ് എം. സാമുവേലിന്റെ (UK) ഒരു പ്രതികരണം ശ്രദ്ധയിൽ പെട്ടപ്പോഴാണ് അതിന് ഹേതുവായ ഒരു അഭിമുഖ റീൽ കാണേണ്ടി വന്നത്. കവല പ്രസംഗക രെക്കുറിച്ചും ആ മഹത്തായ ശുശ്രൂഷയെ കുറിച്ചും പ്രസിദ്ധനായ പ്രസംഗി പാസ്റ്റർ എം. എ. വർഗീസ് ( Bangalore ) നടത്തിയ പ്രസ്താവന തീരെ നിലവാരം കുറഞ്ഞതും നിരവധി ആളുകളെ വേദനിപ്പിക്കുന്നതുമാണ് എന്ന് പറയേണ്ടിവരുന്നതിൽ എനിക്ക് ഖേദമുണ്ട്.

സഭാ ചരിത്രത്തിലെ ഒന്നാമത്തെ തെരുവ് പ്രസംഗകനായ ജോൺ വിക്ലിഫിന്റെ കാലം മുതൽ ( പതിനാലാം നൂറ്റാണ്ട് ) ഇന്നു വരെയും, ഏറ്റവും സംവേദനക്ഷമതയും ഫല സ്വരൂപതയും ഉള്ള ഒരു സുവിശേഷപ്രചാരണോപാധിയാണ് പരസ്യ യോഗം. കവലപ്രസംഗങ്ങളിൽ നിരവധി ആളുകൾ പ്രാർത്ഥനക്ക് മുമ്പോട്ട് വരുന്നതും കണ്ണീരോടെ കർത്താവിനെ സ്വീകരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും തെരുവുകളിലെ കൊച്ചു യോഗങ്ങളിൽ ആളുകൾ താൽപര്യപൂർവ്വം പങ്കെടുക്കാറുണ്ട്.

ലക്ഷങ്ങൾ മുടക്കി നാം നടത്തുന്ന മഹായോഗങ്ങളിൽ മികച്ച ഇരിപ്പിടവും ആകർഷണീയമായ സംഗീതവും ഒരുക്കി ആളുകളെ ക്ഷണിക്കാറുണ്ടെങ്കിലും അവിശ്വാസികൾ വരുന്നത് അത്യപൂർവമാണ്. ഈ പശ്ചാത്തലത്തിലാണ് തെരുയോഗത്തിന്റെ കരു ത്ത് തിരിച്ചറിയേണ്ടത്. മദ്യപനോ പുകവലിക്കാരനോ നിൽക്കുന്ന ഇടത്ത് ചെന്ന്, കച്ചവടസ്ഥാപനങ്ങളുടെ മുൻപിൽ നിന്ന്, കാത്തിരിപ്പു കേന്ദ്രങ്ങളുടെ ഓരം ചേർന്ന്, വലിയ സന്നാ ഹങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ, ഒരു മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട്, ദുർഗ്രഹമായ വേദ വ്യാഖ്യാനം കൊണ്ട് ആളുകളെ ചിന്താക്കു ഴപ്പത്തിൽ ആക്കാതെ ലളിതസുന്ദരസുവിശേഷം ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ കറ തീർത്ത് വിളിച്ചുപറയാൻ കഴിയുന്ന കവല പ്രസംഗത്തിന് തുല്യമായി മറ്റൊന്ന് ഇല്ല തന്നെ.

മലബാറിൽ എമ്പാടും, മിക്ക കവലകളിലും, സൈക്കിളിൽ ഹാൻഡ് മൈക്ക് കെട്ടിത്തൂക്കി, ഒറ്റയാൾ പട്ടാളം പോലെ വചന വിളംബരം നടത്തിയ ഞങ്ങളുടെ അപ്പനെ ( പാസ്റ്റർ കെ. എം. ജോസഫ്) നിറ കണ്ണുകളോടെ ഓർക്കുന്നു. പിന്നിട്ട 49 ശു ശ്രൂഷാവർഷങ്ങളിൽ എനിക്ക് ഏറെ ഇഷ്ടമുള്ള പ്രസംഗം കവല പ്രസംഗമാണെന്ന് ഞാൻ ഏറ്റുപറയുന്നു. കുടുംബമായി കവലകളിൽ വചനവുമായി നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിൽ എമ്പാടും തെരുവിൽ നിന്ന് വചനം പറയുന്ന സാധാരണക്കാരെ സല്യൂട്ട് ചെയ്യുന്നു.