ഉച്ചയോടെയാണ് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. വെടിവെപ്പില്‍ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആറുപേരുടെ മൃതദേഹങ്ങള്‍ സ്കൂള്‍ വളപ്പിനുള്ളിലാണ് കണ്ടെത്തിയത്. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ മൃതദേഹവും ഇവിടെത്തന്നെ കണ്ടെത്തിയിട്ടുണ്ട്. സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
മറ്റുള്ളവരെ സ്കൂളിന് സമീപത്തെ ഒരു വീട്ടിലാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. വെടിവെപ്പില്‍ മറ്റൊരാള്‍ക്കുകൂടി പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൃത്യമായ മരണസംഖ്യയും പരിക്കേറ്റവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് ടംബ്ലർ റിഡ്ജ് നഗരത്തില്‍ പോലീസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



