ഇംഫാല്‍: മണിപ്പുരില്‍ ഉഖ്റുള്‍ ജില്ലയില്‍ കുക്കി-നാഗാ വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം. അക്രമികള്‍ നിരവധി വീടുകള്‍ കത്തിച്ചു.
ലിറ്റാൻ സരേയ്ഖോംഗ് ഗ്രാമത്തിലായിരുന്നു സംഭവം. അക്രമികള്‍ ആകാശത്തേക്കു പല റൗണ്ട് വെടിവച്ചതിനെത്തുടർന്ന് ഗ്രാമവാസികള്‍ സമീപത്തെ കാംഗ്പോക്പി ജില്ലയിലേക്കു രക്ഷപ്പെട്ടു.
ടാംഗ്ഖുല്‍ നാഗാ വിഭാഗക്കാരും മറ്റിടങ്ങളിലേക്കു രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ടാംഗ്ഖുല്‍ നാഗാ വിഭാഗത്തിലെ ഒരാളെ എട്ടു പേർ ചേർന്ന് ലിറ്റൻ ഗ്രാമത്തില്‍വച്ച് മർദിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. മർദനത്തിരയായ ആളുടെ സഹായിയും ലിറ്റൻ സരേയ്ഖോംഗ് ഗ്രാമത്തലവനും ചേർന്ന് ഞായറാഴ്ച പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാല്‍, സമാധാനയോഗം ചേർന്നില്ല. തുടർന്ന് സികിബംഗ് ഗ്രാമക്കാരായ ഒരു സംഘം ആളുകള്‍ ലിറ്റൻ സരേയ്ഖോംഗ് ഗ്രാമത്തലവന്റെ വീട് ആക്രമിച്ചു. അക്രമികള്‍ പല റൗണ്ട് ആകാശത്തേക്കു വെടിയുതിർക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. തുടർന്ന് അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഞായറാഴ്ച അർധരാത്രിയോടെ ലിറ്റൻ സരേയ്ഖോംഗില്‍ നാഗാ വിഭാഗക്കാരുടെ വീടുകള്‍ കുക്കി തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. സമീപത്തുള്ള കുക്കി വിഭാഗത്തിന്റെ ഏതാനും വീടുകളും ആക്രമിക്കപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞും ലിറ്റൻ സരേയ്ഖോംഗില്‍ അക്രമികള്‍ വീടുകള്‍ കത്തിച്ചു.
മണിപ്പുരിലെ ഏറ്റവും വലിയ നാഗാ ഗോത്രവിഭാഗമാണ് ടാംഗ്ഖുല്‍. സംഘർഷാവസ്ഥ നിലനില്‍ക്കുകയാണെന്നും 21 വീടുകള്‍ അഗ്നിക്കിരയായെന്നും മണിപ്പുർ മന്ത്രി ഗോവിന്ദാസ് കോന്തൗജം പറഞ്ഞു. ഉപമുഖ്യമന്ത്രി എല്‍. ദിഖോയുടെ നേതൃത്വത്തിലുള്ള സംഘം ലിറ്റനില്‍ യോഗം ചേർന്നു. നാഗാ സംഘടനാ പ്രതിനിധികളും കുക്കി എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു.



