മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കുക്കി മേഖലകളില്‍ ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച്‌ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു.

കുക്കി എംഎല്‍എമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. റോഡില്‍ ടയർ കത്തിച്ചു. വാഹനഗതാഗതം തടഞ്ഞും പ്രതിഷേധിച്ചു.

ഇന്ന് കുക്കി മേഖലകളില്‍ സമ്ബൂർണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചുരചന്ദ്പൂർ കേന്ദ്രീകരിച്ച്‌ പ്രതിഷേധ റാലിയും നടക്കും. കൂടുതല്‍ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. പുതിയ സർക്കാരില്‍ നിന്ന് കുക്കി അംഗങ്ങള്‍ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകള്‍ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരില്‍ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റത്. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തില്‍ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ബിജെപിയില്‍ നിന്നും നാഗ പീപ്പിള്‍സ് പാർട്ടിയില്‍ നിന്നും ഒരോ എംഎല്‍എ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണമാണ് ഔദ്യോഗികമായി പിൻവലിച്ചത്. 2023 മെയ് മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട മെയ്തി – കുക്കി വിഭാഗങ്ങളിലെ അക്രമം കൈകാര്യം ചെയ്തതിനെതിരെ വിമർശനങ്ങള്‍ ഉയർന്നതിനെത്തുടർന്ന് എൻ ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.