അന്നയാള്‍ ജോലികഴിഞ്ഞ് വളരെ ദേഷ്യത്തിലാണ് വന്നത്.
മേലുദ്യോഗസ്ഥന്‍ തന്നെ തെറ്റിദ്ധരിച്ചതിന്റെയും ശാസിച്ചതിന്റെയും പക അയാള്‍ക്കുണ്ടായിരുന്നു.
അയാളുടെ ധാര്‍മ്മികരോഷം ആളിക്കത്തി. ദേഷ്യത്തിന്റെ കാരണം അന്വേഷിച്ച അച്ഛനോട് ഓഫീസില്‍ നടന്ന അനിഷ്ട സംഭവത്തെക്കുറിച്ച് അയാള്‍ വിവരിച്ചു.
നീ അയാള്‍ക്കെതിരെ പരാതി നല്‍കണം. ശക്തമായ ഭാഷയില്‍ തന്നെ പരാതി നല്‍കണം : അച്ഛന്‍ പറഞ്ഞു.
അയാള്‍ ഉടനെ വളരെ വൈകാരികവും പ്രതിഷേധസുചകവുമായ കത്ത് ഉന്നതാധികാരിക്കെഴുതി. വാക്കുകളുടെ മൂര്‍ച്ച ഒട്ടും കുറയരുതെന്ന് അച്ഛന്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ് അച്ഛന്‍ മകനോട് ചോദിച്ചു: നീ ആ കത്ത് ഇന്ന് തന്നെ അയക്കുന്നില്ലേ?
അയാള്‍ അച്ഛനെ നോക്കിയിട്ടു പറഞ്ഞു: ഇനിയത് അയക്കണമെന്നില്ല.. എന്റെ ദേഷ്യമടങ്ങി.
മറുപടികേട്ട് അച്ഛന്‍ പുഞ്ചിരിച്ചു അവന്റെ തോളില്‍ തട്ടി. സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പോലെ പ്രസക്തമാണ് സ്വയം നിയന്ത്രണ മാര്‍ഗ്ഗങ്ങളും. സ്വയം നിയന്ത്രണശേഷിയുളള ഒരാളെയും ഒന്നിനും പുറത്ത്‌നിന്ന് തകര്‍ക്കാന്‍ കഴിയില്ല.
നാം പ്രലോഭിതനോ പ്രകോപിതനോ ആകുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം സ്വന്തം മനോവ്യാപാരങ്ങള്‍ക്കുമേലുളള നമ്മുടെ അധീശത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്. എല്ലാറ്റിനേയും പ്രതിഷേധിച്ച് തോല്‍പ്പിക്കാനാവില്ല.
ചിലപ്പോള്‍ സ്വകാര്യപ്രതിഷേധം നല്ലതായിരിക്കും, അല്ലെങ്കില്‍ സമയമനുവദിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗ്ഗം. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ക്ക് പ്രഹരശേഷി കൂടും.
അംഗീകരിക്കുക എന്നത് മൂന്നാമത്തെ മാര്‍ഗ്ഗമാണ്. ഓരോരുത്തരേയും അവരുടെ സ്വഭാവരീതികളോടെ സ്വീകരിക്കുകയും എല്ലാവിധ പെരുമാറ്റ ശൈലികളോടും സ്വയം പൊരുത്തപ്പെടുകയും ചെയ്യുകയാണ് ഇതിലെ എളുപ്പവഴി..
എടുത്തുചാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കാം.. അനാരോഗ്യകരമായവയെ അവഗണിക്കാനും അനാവശ്യമായവയെ അകറ്റിനിര്‍ത്താനും നമുക്ക് ശീലിക്കാം
– ശുഭദിനം.



