വിസ നിയമം ലംഘിച്ചു: പലസ്തീൻ അനുകൂല പോസ്റ്റര്‍ പതിച്ച ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ ഉത്തരവ്

ദില്ലി: പാലസ്തീൻ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചതിന് ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളായ ദമ്പതികളോട് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ ഉത്തരവിട്ടു.

ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേല്‍ ഡി, കാമുകി അനുഷി എമ്മ ക്രിസ്റ്റിൻ എന്നിവർക്കെതിരെയാണ് നടപടി. രാജസ്ഥാനിലെ അജ്മീറില്‍ പലയിടത്തായി പലസ്തീൻ അനുകൂല സ്റ്റിക്കറുകള്‍ പതിപ്പിച്ചതാണ് ഉടൻ ഇന്ത്യ വിടാനുള്ള നിർദേശം നല്‍കാൻ കാരണം. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടത് വിസ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. തുടർന്നാണ് ഇവരുടെ വിസ റദ്ദാക്കി ഉടൻ ഇന്ത്യ വിടാൻ നോട്ടീസ് നല്‍കിയത്.

രാജസ്ഥാനിലെ പുഷ്കറിലാണ് ഇവർ താമസിച്ചിരുന്നത്. ജനുവരി 21 ന് ഇവർ പോസ്റ്റർ പതിപ്പിക്കുന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടി. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ശേഷം വിവരം ലോക്കല്‍ പൊലീസിന് കൈമാറി. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നായിരുന്നു നിർദേശം. എഎസ്‌പി രാജേഷ് മീണയുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തു. ഇരുവരും പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിലൂടെ ഇന്ത്യയില്‍ രാഷ്ട്രീയ പ്രവർത്തനത്തില്‍ ഏർപ്പെട്ടെന്ന് വ്യക്തമായി.

ഇവർ പതിച്ച പോസ്റ്ററുകള്‍ പൊലീസ് നീക്കി. തുടർന്നാണ് ഇരുവരോടും ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രതിഷേധങ്ങളിലോ ഏർപ്പെടാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. നിയമം ലംഘിച്ച ഇവർ ഭാവിയില്‍ ഇന്ത്യയിലേക്ക് വരുന്നതടക്കം വിലക്കുന്ന നടപടികളിലേക്ക് അധികൃതർ നീങ്ങുമെന്നാണ് വിവരം.