പ്രത്യാശവെടിയാതെ സ്വസ്ഥമായ മാനസികനില നേടുക എന്നതാണ് പ്രശ്നപരിഹാരത്തിനുളള ആദ്യപടി

തന്റെ ജീവിതപ്രശ്‌നങ്ങളാല്‍ അവള്‍ തീര്‍ത്തും നിരാശയിലായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും തന്റെ തുച്ഛമായ ശമ്പളവുമെല്ലാം പ്രശ്‌നങ്ങളായിരുന്നു.

അങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. മുറിയില്‍ കയറി വാതിലും ജനലുമെല്ലാം അടച്ചു. അടുക്കളയില്‍ കയറി പാചകവാതകം തുറന്നിട്ടു. മക്കളെയും കെട്ടിപ്പിടിച്ചുകിടന്നു.

പക്ഷേ, റേഡിയോ ഓഫാക്കാന്‍ മറന്നു. അതില്‍ നിന്നും പാട്ടുകള്‍ വന്നുകൊണ്ടിരുന്നു. എന്തിനാണ് നിങ്ങള്‍ സ്വയം സമാധാനം കളയുന്നത്, ആവശ്യമില്ലാത്ത വേദനകള്‍ എന്തിനാണ് സഹിക്കുന്നത് തുടങ്ങിയ വരികള്‍ കേട്ട അവള്‍ ചാടിയെഴുന്നേറ്റു.

പാചകവാതകം അടച്ചു. ജനലും വാതിലുമെല്ലാം തുറന്നിട്ടു.. അപ്പോള്‍ അവളുടെ മനസ്സും തുറന്നതായി അവള്‍ക്കനുഭവപ്പെട്ടു..

പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രതിസന്ധിയുമില്ല. പ്രശ്‌നങ്ങളോടുളള സമീപനവും അവയെ കൈകാര്യം ചെയ്യുന്ന രീതിയുമാണ് മാറേണ്ടത്.

ഒരു പ്രശ്‌നങ്ങളിലകപ്പെടുന്ന എല്ലാവരും ആശവെടിയുകയോ എല്ലാം അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല. ഏതു പ്രശ്‌നപരിഹാരത്തിനുമുളള ആദ്യപടി സ്വസ്ഥമായ മാനസികനില നേടുക എന്നതാണ്. പിന്നീടാണ് വിശകലനവും വിലയിരുത്തലും നടത്തേണ്ടത്.

അകപ്പെട്ടുപോയതില്‍ നിന്നെല്ലാം നമുക്ക് പുറത്ത് കടക്കാനാകും. ഒരുപക്ഷേ, ഇരട്ടി സമയവും പ്രയത്‌നവും അതിന് വേണ്ടിവന്നേക്കാം.. അതിന് തയ്യാറാവുക എന്നതാണ് പ്രതിസന്ധികളോടുളള ക്രിയാത്മകമായ സമീപനം.

തനിക്കാകില്ല എന്ന് തീരുമാനിച്ചാല്‍ സ്വയം തകരുക എന്ന സാധ്യതയേ ഉളളൂ.. പിടിച്ചുനില്‍ക്കാം എന്ന് തീരുമാനിച്ചാല്‍ മുന്നില്‍ നൂറ് വഴികള്‍ തെളിയുക തന്നെ ചെയ്യും

– ശുഭദിനം.