ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകള്‍ നിരത്തിലിറക്കാൻ പദ്ധതിയുമായി സിയാല്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ പ്രവർത്തനത്തില്‍ കൊണ്ടുവരുന്നതാണ് പദ്ധതി.

ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു വിമാനത്താവള‍ം യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകള്‍ നിരത്തിലിറക്കുന്നത്. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.

മന്ത്രി കെ. കൃഷ്ണൻകുട്ടിയും, പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്. ബസുകള്‍ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതമാണ് വകയിരുത്തുക. ആകെ 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള എച്ച്‌ വി ഐ സി ഫൗണ്ടേഷൻ നല്‍കും. ഒരു വർഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും മറ്റ് ചെലവുകളും സിയാല്‍ വഹിക്കും. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാല്‍ തീരുമാനിക്കും.