ബ്രസൽസ്: ഇറാൻ്റെ അർധ സൈനിക വിഭാഗമായ റെവലൂഷനറി ഗാർഡിനെ ഭീകരവാദ സംഘടനയായി പട്ടികപ്പെടുത്തിയെന്ന അറിയിപ്പുമായി യൂറോപ്യൻ യൂണിയൻ. ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇറാനിയൻ സർക്കാർ റെവലൂഷനറി ഗാർഡിനെ ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രഖ്യാപനം.
27 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഏകകണ്‌ഠമായാണ് തീരുമാനം അംഗീകരിച്ചതെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവിയും യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റുമായ കാജ കല്ലാസ് പറഞ്ഞു. അൽ-ഖ്വൈദ, ഹമാസ്, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി പട്ടികപ്പെടുത്തുമെന്നും ഭീകരതയിലൂടെ പ്രവർത്തിക്കുന്നവരെ ഭീകരവാദികളായി കണക്കാക്കണമെന്നും കാജ കല്ലാസ് കൂട്ടിച്ചേർത്തു.
“ഇറാൻ്റെ സുരക്ഷാ സേനയെന്ന പേരിലുള്ള റെവലൂഷനറി ഗാർഡാണ് കൂട്ടക്കൊലകൾക്ക് ഉത്തരവാദികൾ. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ അടിച്ചമർത്തലുകൾക്ക് ഉത്തരവാദികളായവർക്കെതിരെ ഞങ്ങൾ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ്”, – കാജ കല്ലാസ് എക്‌സിൽ കുറിച്ചു.
രാജ്യത്തെ ആയിരക്കണക്കിന് ജനങ്ങളെ കൊല്ലുന്ന ഏതൊരു ഭരണകൂടവും സ്വന്തം നാശത്തിലേക്ക് നീങ്ങുകയാണെന്നും കാജ കല്ലാസ് വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിച്ചവരെ അടിച്ചമർത്തുന്നതിനും കൂട്ടക്കൊലകൾ നടത്തുന്നതിനും മറുപടിയായി ഇറാൻ അമേരിക്കൻ സൈനിക നടപടിയുടെ ഭീഷണി നേരിടുന്നുണ്ടെന്നും കാജ കല്ലാസ് കൂട്ടിച്ചേർത്തു.
ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ തീരുമാനം യൂറോപ്യൻ യൂണിയൻ്റെ വിദേശകാര്യ മന്ത്രിമാർ ഏറ്റെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും നടക്കാനിരിക്കുന്ന വിദേശകാര്യ കൗൺസിലിൻ മേൽ പ്രതീക്ഷയുണ്ടെന്നും കാജ കല്ലാസ് വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ഇറാനിൽ ഭരണവർഗത്തിന് നേരെ പ്രക്ഷോഭങ്ങളുണ്ടായത്. പ്രതിഷേധങ്ങളെയും ജനങ്ങളെയും അടിച്ചമർത്താൻ ഇറാൻ ഭരണകൂടം തെരഞ്ഞെടുത്തത് അർധ സൈനിക സേനയായ റെവലൂഷനറി ഗാർഡിനേയും കൂടിയായിരുന്നു.
എന്നാൽ പ്രതിഷേധത്തെയും സൈനിക നടപടികളെയും തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും രാജ്യത്ത് അരക്ഷിതാവസ്ഥ പൊട്ടിപ്പുറപ്പെടുകയും ചെയ്‌തതായി രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പ്രതിഷേധക്കാരെ അനിയന്ത്രിതമായി ആക്രമിച്ചതിൻ്റെ പേരിൽ റെവലൂഷനറി ഗാർഡിലെ ഉന്നത കമാൻഡർമാരടക്കമുള്ള 15 ഇറാൻ ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ മുൻപ് റെവലൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.



