തട്ടിപ്പ്: മാഫിയ കുടുംബത്തിലെ 11 പേര്‍ക്ക് വധശിക്ഷ നല്‍കി ചൈന

ബെയ്ജിംഗ്: മ്യാൻമറില്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങള്‍ക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവില്‍ വയ്ക്കല്‍, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങള്‍ക്കാണ് വിവിധ ശിക്ഷകള്‍ ലഭിച്ചത്. ഇതില്‍ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.

ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളില്‍ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയില്‍ മ്യാൻമറിലെ ലൗക്കൈങ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങള്‍ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്.

ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളില്‍ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു പോയ ഒരു ചൈനീസ് നടനെ മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയ വാർത്ത ചൈനീസ് സൈബർ ലോകത്തു പ്രചരിച്ചിരുന്നു. സംഭവത്തെതുടർന്ന്, മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ഈ മാഫിയ സംഘങ്ങളെ അടിച്ചമർത്തണമെന്നു ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു.

2015നും 2023നും ഇടയില്‍ മിംഗ് മാഫിയ തട്ടിപ്പ് കേന്ദ്രങ്ങളില്‍നിന്ന് ഏകദേശം 10 ശതകോടി യുവാൻ (13,200 കോടി ഇന്ത്യൻ രൂപ) മാഫിയ സമ്പാദിച്ചതായി കണ്ടെത്തിയ ചൈനയിലെ പരമോന്നത കോടതി നവംബറില്‍ ഇവരുടെ അപ്പീലുകള്‍ തള്ളിയിരുന്നു. 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേല്‍ക്കുന്നതിനും ഇവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായതായും കോടതി ചൂണ്ടിക്കാട്ടി.