ക്ഷേമപെന്‍ഷെന് 14500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി; ആശമാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും വേതനം കൂട്ടി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ ബോര്‍ഡ് പെന്‍ഷനുകളും സര്‍വകലാശാല പെന്‍ഷനുകളും നവംബര്‍ മുതല്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.

2026–27 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായാണ് 14500 കോടി വകയിരുത്തിയിരിക്കുന്നത്. അങ്കണവാടി വര്‍ക്കര്‍മാരുടെ വേതനത്തില്‍ 1000 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയുടെയും പ്രതിമാസ വര്‍ധന വരുത്തും. ആശ വര്‍ക്കര്‍മാരുെട പ്രതിമാസ വേതനത്തില്‍ 1000 രൂപയും വര്‍ധിപ്പിച്ചു. പ്രീപ്രൈമെറി സർ പ്രീപ്രൈമറി അധ്യാപകര്‍ക്കും 100 രൂപയും സ്കൂളിലെ പാചകത്തൊളിലാളികളുടെ ദിവസ വേതനത്തില്‍ 25 രൂപയും വര്‍ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക. 

3720 കോടി രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കായും മാറ്റി വച്ചിട്ടുണ്ട്. 35നും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്താക്കളാകാത്തവര്‍ക്കാണ് ഈ തുക ലഭിക്കുക. കണക്ട് വര്‍ക് സ്കോളര്‍ഷിപ് പദ്ധതിക്കായി 400 കോടി രൂപയും വകയിരുത്തി.

വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും ആശാ – അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധനയും ബജറ്റിൽ പ്രഖ്യാപിച്ചു. 

തോമസ് ഐസക്കിനും, ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചത്. 2 മണിക്കൂറും 53 മിനിറ്റുമായിരുന്നു അവതരണം.