മിനുക്കുപണികൾ മറയ്ക്കുന്ന വിള്ളലുകൾ…

എബി, പുൽപ്പള്ളി

പതിവുപോലെ ജോലിക്കു പോകുന്ന വഴിയാണ് ആ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപൊത്താവുന്ന ആ പഴയ നാലുനില കെട്ടിടം വെറും രണ്ടു ദിവസം കൊണ്ട് പുത്തൻ ചായമണിഞ്ഞ് സുന്ദരിയായിരിക്കുന്നു! വിള്ളലുകൾ സിമന്റിട്ടു മറച്ചു, പായലുകളെ പെയിന്റിന്റെ ആവരണത്തിനുള്ളിലാക്കി. പുറമെ നിന്ന് നോക്കുന്നവർക്ക് അതൊരു പുതിയ കെട്ടിടമാണ്. പക്ഷേ, ആ ചുവരുകൾക്കപ്പുറം ഭീതിയോടെ കഴിയുന്ന മനുഷ്യർക്കും, ആ കെട്ടിടത്തിന്റെ യഥാർത്ഥ ബലഹീനത അറിയുന്ന ഉടമയ്ക്കും അറിയാം ഇത് വെറും താൽക്കാലികമായ ഒരു ‘മേക്കപ്പ്’ മാത്രമാണെന്ന്.

നമ്മുടെ ചുറ്റുമുള്ള എത്രയോ മനുഷ്യർ ഇതുപോലെയാണ്!

ആഡംബരത്തിന്റെ പുറംചട്ട നല്ല ജോലി, ആകർഷകമായ വസ്ത്രധാരണം, തലയെടുപ്പുള്ള വീട്… പുറമെ നിന്ന് നോക്കുമ്പോൾ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ജീവിതം. എന്നാൽ ഈ മിനുസമുള്ള പുറംചട്ടയ്ക്കുള്ളിൽ തകർന്നു വീഴാറായ ഒരു മനസ്സുണ്ടാകാം. ആരും കാണാത്ത വിള്ളലുകളും, കണ്ണീരിന്റെ പായലുകളും നിറഞ്ഞ ഒരു ഉള്ളം. ലോകത്തിന് മുന്നിൽ തോറ്റു കൊടുക്കാതിരിക്കാൻ പലരും സദാ പുഞ്ചിരിയുടെ പെയിന്റ് അടിച്ചു തങ്ങളുടെ സങ്കടങ്ങളെ മറച്ചുപിടിക്കുന്നു.

യഥാർത്ഥ മനുഷ്യൻ ഉള്ളിലാണ് പുറമെ കാണുന്നതല്ല യഥാർത്ഥ മനുഷ്യൻ. ലോകത്തിന് മുന്നിൽ സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന പല ജീവിതങ്ങളും ഉള്ളിൽ കടുത്ത നിരാശയും ശൂന്യതയും പേറുന്നവയാണ്. നികത്താൻ കഴിയാത്ത ഒരു വലിയ ഗർത്തം പലരുടെയും ഉള്ളിലുണ്ട്.

നമുക്ക് എന്താവണം? കെട്ടിടത്തിന്റെ പെയിന്റിൽ മയങ്ങിപ്പോകുന്ന വഴിപോക്കരെപ്പോലെയാകരുത് നമ്മൾ. മറിച്ച്, ആ ചുവരുകൾക്കുള്ളിലെ വിങ്ങലുകളെ തിരിച്ചറിയാൻ കഴിയുന്ന ഹൃദയമുള്ളവരാകണം.

തകർന്നിരിക്കുന്നവർക്ക് താങ്ങാവുക.
ഒറ്റപ്പെട്ടു പോയവരെ ചേർത്തുപിടിക്കുക.

പുറമെ കാണുന്ന തിളക്കത്തിലല്ല, ഉള്ളിലെ സമാധാനത്തിലാണ് ജീവിതത്തിന്റെ അർത്ഥമെന്ന് അവരെ ബോധ്യപ്പെടുത്തുക.

“സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന് വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. മറ്റൊരാളുടെ ഉള്ളിലെ കനലുകൾ കെടുത്തി അവിടെ സമാധാനത്തിന്റെ തണൽ നൽകുമ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ‘മനുഷ്യരാകുന്നത്’.

ചിരിയുടെ ചായം പൂശിയ മുഖങ്ങൾക്കിടയിൽ, കരയുന്ന ഹൃദയങ്ങളെ കണ്ടെത്താൻ നമുക്ക് കഴിയട്ടെ. അല്പം സ്നേഹം, കരുണ, ഒരു ചേർത്തുപിടിക്കൽ—ഇത്രയൊക്കെ മതി തകർന്നു വീഴാൻ പോകുന്ന പല ജീവിതങ്ങളെയും തിരികെ പിടിക്കാൻ. എല്ലാവരെയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും കരുണ കാണിക്കുവാനും നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.