നശ്വരതയില്‍ നിന്നും അനശ്വരതയെ ലക്ഷ്യമാക്കണം: റവ. വിജു ഫിലിപ്പ്

തിരുവല്ല: മനുഷ്യനെക്കുറിച്ചുള്ള ദൈവീക ഇഷ്ടം ലോകത്തിന്റെ മോഹങ്ങളില്‍ അകപ്പെടാതെ നിത്യജീവനെ ലക്ഷ്യമാക്കി ജീവിക്കണം എന്നാണ്. ക്ഷണികമാണ് മര്‍ത്യ ജന്മം അത് വേഗം തീരുകയും എല്ലാ മനുഷ്യരും ഇഹലോകവാസം വെടിയുകയും വേണം. എന്നാല്‍ മനുഷ്യനില്‍ ഒരു ആത്മാവ് ഉണ്ട് ആ ആത്മാവ് പുനുരുത്ഥാനത്തെ പ്രതീക്ഷിച്ച് കൊണ്ട് വിശ്രമ സ്ഥലത്ത് കാത്തിരിക്കുമെന്നും പാസ്റ്റര്‍ വിജു ഫിലിപ്പ് പറഞ്ഞു.

തിരുവല്ലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്റെ അഞ്ചാം ദിന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗകീക സുഖങ്ങള്‍ തേടുന്ന ധാര്‍മ്മികത നഷ്ടപ്പെടുന്ന മനുഷ്യര്‍ ഇന്നിന്റെ ശാപമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ വൈ ജോസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ തോമസ് ജോര്‍ജ്, ജോര്‍ജ്കുട്ടി ജോണ്‍സന്‍, കെ. റ്റി വര്‍ഗീസ്, ഈപ്പന്‍ ചെറിയാന്‍, ജോസ് ബേബി, ബ്രദര്‍ ഏബ്രഹാം തോമസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു.

രാവിലെ 9 മണി മുതല്‍ നടന്ന സെമിനാരികളുടെ ഗ്രാജുവേഷന് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ജെയ്‌സണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മൗണ്ട് സയോണ്‍ ബൈബിള്‍ സെമിനാരി, മൗണ്ട് പാരാന്‍ ബൈബിള്‍ സെമിനാരി, ബഥേല്‍ ലേഡിസ് ബൈബിള്‍ കോളേജ് എന്നിവയിലെ വിദ്യാര്‍ത്ഥി,വിദ്യാര്‍ത്ഥിനികളാണ് ഗ്രാഡുവേഷന്‍ ചെയ്തത്. സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ. സി.സി തോമസ് കമ്മീഷനിംഗ് സന്ദേശം നല്കി. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ റെജി മുഖ്യ സന്ദേശം നല്കി.
ഉച്ചകഴിഞ്ഞ് നടന്ന മിഷണറി സമ്മേളനത്തിന് പാസ്റ്റര്‍ ലൈജു നൈനാന്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ നോബിള്‍ ജേക്കബ്, ജോണ്‍സന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ ജോണ്‍സന്‍ കുരുവിള, ബിനു വി ജോണ്‍, ബിബിന്‍ തോമസ്, ഏബ്രഹാം മാത്യു എന്നിവര്‍ പ്രാര്‍ത്ഥിച്ചു.

കണ്‍വന്‍ഷന്‍ ഇന്ന് 23/01/2026 വെള്ളി രാവിലെ 7.45 മുതല്‍ 9 വരെ ധ്യാനയോഗം, സ്‌നാനം. രാവിലെ 9.00 മുതല്‍ 12.50 ഉണര്‍വ്വ് യോഗം. ഉച്ചക്കഴിഞ്ഞ് 2 മുതല്‍ 4.30 ഉണര്‍വ്വ് യോഗം. വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുയോഗം.

പ്രസംഗകര്‍: പാസ്റ്റര്‍ അനിഷ് ഏലപ്പാറ, ഡോക്ടര്‍ ജീബി റാഫേല്‍, ഡോക്ടര്‍ ഷിബു. കെ മാത്യു