മറ്റുള്ളവരോട് ആദരം പുലര്‍ത്തുന്നത് നമ്മുടെ നിലവാരമുയർത്തും

ആ മലയുടെ മുകളില്‍ ഒരു ദിവ്യജ്ഞാനിയുണ്ടെന്ന് ആളുകള്‍ക്കെല്ലാമറിയാം. എങ്കില്‍ ആ മലകയറാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആരും അവിടെയെത്താറില്ല.

ഒരിക്കല്‍ ഒരു യുവാവ് മലകയറി മുകളിലെത്തി. അവിടെ കണ്ട കുടിലിലെ വയോധികനോട് തന്റെ ആഗ്രഹം പറഞ്ഞു, തനിക്ക് ദിവ്യജ്ഞാനിയെ കാണണം. ആ വയോധികന്‍ അയാളെ അകത്ത് വിളിച്ചിരുത്തി വിശേഷങ്ങള്‍ അന്വേഷിച്ചു.

യുവാവ് പലവട്ടം തന്റെ ആഗമനോദ്ദേശം അറിയിച്ചെങ്കിലും വയോധികന്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെ സംസാരങ്ങള്‍ തുടര്‍ന്നു. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ യുവാവ് ക്ഷുഭിതനായി.

അപ്പോള്‍ വയോധികന്‍ പറഞ്ഞു: നീ അന്വേഷിച്ചുവന്നയാള്‍ ഞാന്‍ തന്നെയാണ്.. നീ മാത്രമേ ഈ മലകയറാന്‍ തയ്യാറായതുളളൂ. അതിന് അഭിനന്ദനങ്ങള്‍. പക്ഷേ, മുന്നില്‍ കാണുന്നവരെ ബഹുമാനിക്കാനും കൂടി നാം പഠിക്കണം.

പ്രായത്തേയും കാലത്തേയും മറികടക്കുന്ന മികവുകള്‍ പുലര്‍ത്തുന്ന പലരുമുണ്ട്. നിറ,രൂപവ്യത്യാസങ്ങളുടെ പേരില്‍ ആളുകളെ താഴ്ത്തിക്കെട്ടുന്നത് ശരിയുടെ രീതിയല്ല. കഴിവും സമര്‍ത്ഥ്യവും നിറവുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. ഉയരക്കുറവോ, ഭാരക്കൂടുതലോ കൊണ്ട് ഒരാളും ഭൂമിയില്‍ നിന്നും പുറംതള്ളപ്പെട്ടിട്ടുമില്ല. എല്ലാവര്‍ക്കും അവരവരുടേതായ പ്രകൃതവും പാടവവുമുണ്ട്. അത് തിരിച്ചറിയുന്നതിന് മുമ്പേ ആളുകളെ അളന്നുതിരിക്കുന്നത് മര്യാദകേടും മനുഷ്യത്വമില്ലായ്മയുമാണ്.

അപരിചതരോട് പോലും ആദരം പുലര്‍ത്തിനോക്കൂ.. ഏത് ആള്‍ക്കൂട്ടത്തിലും നമ്മുടെ നിലവാരമുയരുന്നത് കാണാം…

അതെ, ആളുനോക്കാതെ ആദരിക്കാനും നമുക്ക് ശീലിക്കാം

– ശുഭദിനം.