കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം ലക്ഷ്യമിട്ട് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.
‘നായാടി മുതല്‍ നസ്രാണി വരെ’ എന്നതാണ് തന്റെ പുതിയ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ മുൻപ് ഉപയോഗിച്ചിരുന്ന ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന ആശയത്തിലാണ് ക്രൈസ്തവരെ കൂടെ കൂട്ടിയിരിക്കുന്നത്. പഴയ ആശയം കാലാനുസൃതമായി വിപുലീകരിച്ചതാണിതെന്നും, ക്രൈസ്തവ സമൂഹത്തെ കൂടി ഉള്‍പ്പെടുത്തി വിശാലമായ ഐക്യം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആശയത്തിന് വ്യാപകമായ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. വിദേശത്തുനിന്ന് ഉള്‍പ്പെടെ നിരവധി നസ്രാണികള്‍ നേരിട്ട് വന്ന് പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം നിലവില്‍ പലതരം ആശങ്കകളും ഭീതികളും നേരിടുന്നുണ്ടെന്നും, പരസ്യമായി പറയുന്നില്ലെങ്കിലും പലരും സ്വകാര്യമായി തന്റെ അടുത്ത് പരാതികള്‍ അറിയിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്രൈസ്തവർക്ക് ഒരു സംരക്ഷണം ആവശ്യമാണെന്നും, അത് നല്‍കാൻ കഴിയുന്നവരെയൊക്കെ അവർ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഇതുവരെ ഫലമുണ്ടാക്കിയിട്ടില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. വിവിധ ക്രൈസ്തവ നേതാക്കളെ മന്ത്രിമാരാക്കിയിട്ടും പാർട്ടിക്ക് കാര്യമായ നേട്ടം ഉണ്ടാകാത്തത് തന്നെ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുന്നത് അവരുടെ മതനേതാക്കളാണെന്നും, അവർ ഇതുവരെ ബിജെപിയുമായി തുറന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എൻഎസ്‌എസ് നേതൃത്വവുമായി മുൻകാലങ്ങളില്‍ ഉണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജി. സുകുമാരൻ നായർ അസുഖബാധിതനായിരുന്നപ്പോള്‍ താൻ ഫോണ്‍ ചെയ്ത് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും, ഇപ്പോള്‍ പഴയ തരത്തിലുള്ള അകല്‍ച്ച നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്‌എസും എസ്‌എൻഡിപിയും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും, അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം അറിയിച്ചു. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിലുള്ള വൈരാഗ്യം സൃഷ്ടിച്ചത് യുഡിഎഫാണെന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചു.
മുസ്ലിം സമുദായത്തെ ഈ ഐക്യത്തില്‍ നിന്ന് മാറ്റിനിർത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ക്രൈസ്തവ സമൂഹത്തിനിടയില്‍ മുസ്ലിം സമുദായത്തോടുള്ള ഭയം നിലനില്‍ക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് ഭീകരതയെക്കുറിച്ചുള്ള ആശങ്കയാണ് അതിന് കാരണമെന്നുമാണ് വെള്ളാപ്പള്ളിയുടെ മറുപടി.
ഇതിനിടെ, പെരുന്നയിലേക്ക് വരുമെന്ന വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തോട് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചത് കരുതലോടെയാണ്. വെള്ളാപ്പള്ളി പെരുന്നയിലേക്ക് വന്നാല്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും, അദ്ദേഹം എന്തിനാണ് വരുന്നതെന്ന് വ്യക്തമായതിന് ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും സുകുമാരൻ നായർ പറഞ്ഞു. കാരണമറിയാതെ സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



