അയാള്‍ എന്നും കടപ്പുറത്ത് ഓടാന്‍ പോകുന്നത് ആള്‍ക്കാരെല്ലാം ഒഴിഞ്ഞതിന് ശേഷമാണ്.
പാതിരാകടപ്പുറത്ത് ഒറ്റക്ക് ഓടുന്നതാണ് അയാളുടെ ഇഷ്ടം. ഒരിക്കല്‍ അയാള്‍ ഓടുമ്പോള്‍ ആ പാതിരാത്രിക്ക് കടപ്പുറത്തുള്ളൊരു പാറക്കല്ലില്‍ ഒരാള്‍ തനിച്ചിരിക്കുന്നത് കണ്ടു.
എന്തോ പന്തികേട് ആദ്യം മനസ്സില്‍ തോന്നിയെങ്കിലും അവരെ ശ്രദ്ധിക്കാതെ ഓടാന്‍ അയാള്‍ തീരുമാനിച്ചു.
ഒരിക്കല്‍ അവരെ കടന്ന് പോയപ്പോള്‍ അവര്‍ കൈകൊണ്ട് അടുത്തേക്ക് വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ അവര്‍ ഗിറ്റാറില്‍ ശ്രുതി മീട്ടുകയാണ്.
അവര്‍ പറഞ്ഞു: രാത്രിയില്‍ നിങ്ങളിങ്ങനെ ഓടുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഈ പാതിരാത്രിക്ക് ഇങ്ങനെ ഓടുന്ന മറ്റാരേയും ഞാന്‍ കണ്ടിട്ടില്ല.
രാത്രിയില്‍ ഈ കടപ്പുറം തീര്‍ത്തും നിശ്ശബ്ദമാണ്. ഈ നിശബ്ദതയാണ് എനിക്കിഷ്ടം. ഇങ്ങനെ ഓടുമ്പോള്‍ എന്റെ മനസ്സ് കൂടുതല്‍ ശാന്തമാകുന്നു. ഒരു ധ്യാനത്തിലെന്ന പോലെ.. അയാള്‍ പറഞ്ഞു നിര്‍ത്തി.
അവര്‍ വീണ്ടും ഗിറ്റാര്‍ വാദനം തുടര്‍ന്നപ്പോള്‍ അയാള്‍ ചോദിച്ചു: നിങ്ങളെന്തിനാണ് ഈ ആളില്ലാത്ത കടപ്പുറത്ത് പാതിരാത്രി വന്നിരുന്ന് ഗിറ്റാര്‍ വായിക്കുന്നത്. ആരാണിവിടെ ഇത് കേള്‍ക്കാനുളളത്?
പെട്ടെന്ന് തന്നെ അവരുടെ മറുപടി വന്നു: ഇത് എനിക്കും ഒരു ധ്യാനമാണ്. ആര്‍ക്കും കേള്‍ക്കാന്‍ വേണ്ടിയല്ല.. എനിക്ക് വേണ്ടി മാത്രം.. നിങ്ങളുടെ പാതിരാ ഓട്ടം പോലെ.. പരസ്പരം ചിരിച്ചുകൊണ്ടവര്‍ പിരിഞ്ഞു..
ഓരോരുത്തര്‍ക്കും ആനന്ദം നല്‍കുന്നത് ഓരോരോ കാര്യങ്ങളാകും. അതിന് പ്രത്യേക ന്യായത്തിന്റെ ആവശ്യമില്ല. തനിച്ചു ചെയ്യുന്ന കാര്യത്തിന് നമ്മുടെ മനസ്സ് സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ മറ്റൊന്നും അവിടെ പ്രസക്തമല്ല.
നമുക്കിഷ്ടമുളള കാര്യങ്ങള്‍ നമുക്ക് വേണ്ടി ചെയ്യുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഒരു സംഗീതം കയറി വരുന്നുണ്ട്..
നാം മാത്രം കേള്‍ക്കുന്നൊരു സംഗീതം.. അതൊരു സന്തോഷമാണ്, ന്യായങ്ങള്‍ ആവശ്യമില്ലാത്ത സന്തോഷം – ശുഭദിനം.



