മതപരിവർത്തനം ആരോപിച്ച് അറസ്റ്റ്; മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

ദില്ലി: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസ്. ബജ്രം​ഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആൽബിനെതിരെ കേസെടുത്തത്.

വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം. പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വട്ടപ്പാറ കല്ലയം പള്ളിമുക്ക് ആശാഭവനിൽ പാസ്റ്റർ ആൽബിൻ നിലവിൽ സുവിശേഷ പ്രചാരണത്തിനുവേണ്ടി കാൺപുരിലെ നവരംഗ ബേഥേസ്ഥാ ഭവനിൽ താമസിച്ചുവരുകയായിരുന്നു.

ഇതിനിടെയാണ് ഇക്കഴിഞ്ഞ 13-ന് ഒരു സംഘം ബജ്‌റംഗ്ദൾ പ്രവർത്തകർ പോലീസിനോടൊപ്പം എത്തി അക്രമം അഴിച്ചുവിട്ട് അദ്ദേഹത്തെയും കുടുംബത്തെയും അറസ്റ്റു ചെയ്തത്. മതപരിവർത്തനക്കുറ്റം ആരോപിച്ചാണ് ഇവരെ തടവിലാക്കിയത്.

പാസ്റ്റർ ആൽബിന്റെ വീട്ടിൽ മന്ത്രി ജി.ആർ. അനിലെത്തി. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് മന്ത്രിയും സംഘവുമെത്തിയത്.

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആൽബിനെയും കുടുംബത്തെയും മോചിപ്പിക്കുന്നതിനുള്ള എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ കുടുംബത്തിന് ഉറപ്പുനൽകി.