ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി ബഹിരാകാശ നിലയത്തില്‍ നിന്നും പുറപ്പെട്ട നാസയുടെ ക്രൂ 11 സംഘം ഭൂമിയിലെത്തി.
ഉച്ചയ്ക്ക് 2.12ഓടെയാണ് പേടകം കാലിഫോർണിയൻ തീരത്ത് കടലില്‍ പതിച്ചത് .പേടകത്തിലുള്ളവരെ ഉടൻ തന്നെ കരയിലേക്കെത്തിക്കുകയും പിന്നീട് നാസയുടെ ക്യാംപിലേക്ക് മാറ്റുകയും ചെയ്യും. ഇവർക്കാവശ്യമായ വൈദ്യസഹായവും മറ്റ് സജ്ജീകരണങ്ങളും ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട്.
പത്തര മണിക്കൂർ നീണ്ട യാത്രയെ തുടർന്നാണ് ക്രൂ 11 കര തൊട്ടത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ 25 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ആരോഗ്യ കാരണങ്ങള്‍ കൊണ്ട് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച ദൗത്യത്തിനിടെ ക്രൂ മെമ്പർമാരില്‍ ഒരാള്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോർട്ട് നാസ പുറത്തു വിടുകയായിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരിയില്‍ മടങ്ങേണ്ട ദൗത്യസംഘം നേരത്തെ തിരികെ വരാൻ തീരുമാനിക്കുകയായിരുന്നു. അസുഖ ബാധിതനായ ആളെ തിരികെ ഭൂമിയിലെത്തിക്കുക എന്നതായിരുന്നു പിന്നീട് വെല്ലുവിളി നിറഞ്ഞ ദൌത്യം. ആ ദൗത്യമാണിപ്പോള്‍ വിജയകരമായി പൂർത്തിയായിരിക്കുന്നത്. മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ് മൈക്ക് ഫിൻകെ (നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി (ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ് (റഷ്യ) എന്നിവരാണ് സംഘത്തിലുള്ളത്.



