ജയിലിലുള്ളത് പാവങ്ങളല്ലേ? അത്യാവശ്യ സാധനങ്ങള്‍ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും; വേതന വര്‍ധനയെ ന്യായീകരിച്ച്‌ ഇ പി ജയരാജൻ

ജയിലില്‍ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച്‌ സിപിഐഎം നേതാവ് ഇപി ജയരാജൻ. ജയിലിലുള്ളത് പാവങ്ങളല്ലേ? ജയിലില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും.

സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ്. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ഇപി ജയരാജൻ പറഞ്ഞു.

ജയിലിലുള്ളത് പാവങ്ങളാണ്, പല കാരണങ്ങള്‍ കൊണ്ട് കുറ്റവാളികള്‍ ആയവരാണവർ, സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം 620 രൂപയാക്കിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. പരമാവധി ദിവസ വേതനം 230 രൂപയായിരുന്നു. ഇതാണ് സർക്കാർ 620 രൂപയാക്കി ഉയർത്തിയത്. ജയില്‍ വകുപ്പ് ശുപാർശ ചെയ്തത് 350 രൂപയാക്കി ഉയർത്താനാണ്. എന്നാല്‍ സർക്കാര്‍ ഇത് 620 ആക്കി ഉയർത്തി. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നല്‍കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018നു ശേഷം ഇതാദ്യമായാണ് കേരളത്തില്‍ തടവുകാരുടെ വേതനം വർധിപ്പിക്കുന്നത്. സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ്‍സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പത്തിരട്ടി വരെ വേതന വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കില്‍ഡ് ജോലികള്‍ക്ക് 152 രൂപയില്‍ നിന്ന് 620 രൂപയായും സെമി സ്കില്‍ഡ് ജോലികള്‍ക്ക് 127 ല്‍ നിന്ന് 560 രൂപയായും അണ്‍ സ്കില്‍ഡ് ജോലികള്‍ക്ക് 63ല്‍ നിന്ന് 530 രൂപയായുമാണ് വർധിപ്പിച്ചത്.