പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പിന്നാലെ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണം നിലച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് വിദഗ്ധസംഘം പാലക്കാട് എത്തുന്നത്.
പല്ലശ്ശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്കാണു (9) കൈ നഷ്ടമായത്. കഴിഞ്ഞ സെപ്റ്റംബർ 24നു വീട്ടുമുറ്റത്തു സഹോദരനൊപ്പം ഓടിക്കളിക്കുന്നതിനിടെയാണു വിനോദിനിയുടെ കൈക്കു വീണു പരുക്കേറ്റത്. എല്ലിനു പൊട്ടലുണ്ടായതിനെ തുടർന്നു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈ മുറിച്ചു മാറ്റേണ്ടിവന്നു.
സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. വിഷയത്തില്‍ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചിരുന്നു.



