ടെഹ്റാൻ/ന്യൂഡൽഹി: ഭരണകൂടത്തിനെതിരായ പ്രക്ഷോഭവും ഇതിനുപിന്നാലെ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പും നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയാണ് വിശദീകരണമില്ലാതെ ഇറാൻ വ്യോമപാത അടച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തേ രണ്ട് മണിക്കൂറിന് വ്യോമപാത അടച്ചിടുമെന്ന് ഇറാൻ അറിയിച്ചിരുന്നു. ഈ ഉത്തരവാണ് പിന്നീട് നീട്ടിയതെന്നും റിപ്പോർട്ടുകളിലുണ്ട്.
ഇറാൻ വ്യോമപാത അടച്ചതോടെ എയർഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ വ്യോമപാത അടച്ചതിനാൽ ചില അന്താരാഷ്ട്ര സർവീസുകൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
ഇറാൻ വ്യോമപാത അടച്ച സാഹചര്യത്തിൽ ഈ മേഖലയിലൂടെയുള്ള തങ്ങളുടെ വിമാനങ്ങൾ മറ്റു റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ടതായി എയർഇന്ത്യ അറിയിച്ചു. ഇത് വിമാനങ്ങൾ വൈകാൻ കാരണമായേക്കാമെന്നും വഴിതിരിച്ചുവിടാൻ കഴിയാത്ത വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും എയർഇന്ത്യയുടെ അറിയിപ്പിലുണ്ട്. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുൻപ് യാത്രക്കാർ അവരുടെ വിമാനങ്ങളുടെ നില പരിശോധിച്ച് ഉറപ്പുവരുത്തണം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നതെന്നും എയർഇന്ത്യ അറിയിച്ചു.
ഇറാൻ വ്യോമപാത അടച്ചത് തങ്ങളുടെ ചില അന്താരാഷ്ട്ര സർവീസുകളെ ബാധിക്കുമെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



