പത്തനംതിട്ട സ്വദേശിനി നല്‍കിയ പുതിയ പരാതിയില്‍ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പരാതിയെ തുടർന്ന് പാലക്കാട് നഗരത്തിലെ കെപിഎം റീജ്യൻസി ഹോട്ടലില്‍ നിന്നും അർധരാത്രിയോടെ പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. പത്തനംതിട്ടയില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയില്‍ ഉള്ളത്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തിയുള്ള ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നിർണായക തെളിവുകളും പരാതിക്കാരി സമർപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.
മറ്റുകേസുകളിലേതിന് സമാനമായി പീഡനത്തിനും ഗർഭഛിദ്രത്തിനും പുറമെ സാമ്പത്തിക ചൂഷണവും നടന്നതായി പരാതിയില്‍ പറയുന്നുണ്ട്. വില കൂടിയ സാധനങ്ങള്‍ ഇയാള്‍ക്ക് വാങ്ങി നല്‍കിയതായും, പാലക്കാട് ഫ്ലാറ്റ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സാമ്ബത്തിക ചൂഷണം നടത്തിയതായും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന ഭീഷണിയും രാഹുല്‍ ഉയർത്തിയതായി പരാതിയില്‍ പറയുന്നു.യുവതി ഭ്രൂണം ഡിഎന്‍എ പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം.
ഇ മെയിലിലൂടെയായിരുന്നു പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, തുടർന്ന് പഴുതടച്ച നീക്കങ്ങളാണ് നടത്തിയത്. രാഹുലിന്‍റെ ജീവനക്കാർ അടക്കം പോയ ശേഷമാണ് പൊലീസിന്റെ നടപടി ആരംഭിച്ചത്. വിവരം ചോരാതിരിക്കാൻ അന്വേഷണ സംഘം പ്രത്യേക കരുതല്‍ സ്വീകരിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത എംഎല്‍എയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവില്‍ സമാനമായ മൂന്ന് കേസുകളില്‍ പ്രതിയാണ് രാഹുല്‍. ആദ്യ കേസില്‍ ഹൈക്കോടതി എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തില്‍ വീണ്ടും സജീവമാകാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമങ്ങള്‍ക്കിടെയാണ് പുതിയ കേസിലെ പോലീസ് നടപടി.



