റഷ്യയില്‍ നിന്ന് എണ്ണ, യുറേനിയം, പ്രകൃതിവാതകം, പെട്രോളിയം ഉൽപന്നങ്ങള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി യുഎസ്. റഷ്യയുമായി സഹകരിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങള്‍ക്കും കുറഞ്ഞത് 500 ശതമാനം നികുതി ചുമത്താനാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ബിൽ അടുത്തയാഴ്ച അമേരിക്കൻ സെനറ്റിൽ അവതരിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ബില്ലിന് അവതരണ അനുമതി നൽകിയതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം സമൂഹമാധ്യമപോസ്റ്റിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ഉപരോധമുണ്ടാകുമെന്ന് ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
‘സാന്‍ക്ഷനിങ് റഷ്യ ആക്ട് ഓഫ് 2025’ എന്ന ബില്‍ ഇപ്പോള്‍ യുഎസ് കോണ്‍ഗ്രസിന്‍റെ പരിഗണനയിലാണ് എത്തിയിരിക്കുന്നത്. റഷ്യയുമായി നേരിട്ട് വ്യാപാരം നടത്തുന്നവര്‍ക്ക് മാത്രമല്ല, അവരെ സഹായിക്കുന്ന മൂന്നാം രാജ്യങ്ങള്‍ക്കും ഈ ഉപരോധം ബാധകമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുഎസ് പ്രസിഡന്റിന് ഈ നികുതി നിരക്ക് ഇതിലും വർധിപ്പിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും എന്നതും പ്രത്യേകതയാണ്. എന്നാല്‍ ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ചില ഇളവുകള്‍ നല്‍കാനും വ്യവസ്ഥയുണ്ട്.
ഇതിനോടകം തന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ചില ഉൽപന്നങ്ങള്‍ക്ക് യുഎസ് 25% അധിക നികുതി ചുമത്തിയിട്ടുണ്ട്. പുതിയ ബില്‍ വന്നാല്‍ ഇത് 500 ശതമാനമായി ഉയരും എന്നതാണ് ഇന്ത്യക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളത്.
ഗ്രീൻലൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാനും നടപടി തുടങ്ങി ഗ്രീൻലണ്ടിലെ ജനതയ്ക്ക് പതിനായിരം ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഒറ്റത്തവണ പേയ്‌മെന്റായി നൽകാനാണ് നീക്കം. മൊത്തം 57,000 പേരാണ് ഗ്രീൻലണ്ടിലുള്ളത്.
ഗ്രീൻലണ്ടിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമേരിക്കൻ നടപടിയെ പ്രതിരോധിക്കുമെന്നും ഗ്രീൻലണ്ട് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. അമേരിക്ക ഗ്രീൻലണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്ന് ഡെന്മാർക്ക് പ്രതിരോധമന്ത്രാലയം. അമേരിക്കയുടെ സുരക്ഷയ്ക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും ഡെന്മാർക്ക് അമേരിക്കയ്ക്ക് കൈമാറണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.



