ദൈവജനത്തെ പിന്തുടർന്ന് നശിപ്പിപ്പാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം: പാസ്റ്റർ ഒ. എം. രാജുക്കുട്ടി

കരിയംപ്ലാവ്: കുഞ്ഞാടിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരെ പിന്തുടർന്ന് നശിപ്പിപ്പാൻ ശ്രമിച്ച ഫറവോന്റെ അവസ്ഥ ഭരണാധികാരികൾ ഓർക്കുന്നത് നന്നായിരിക്കുമെന്ന് പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി പ്രസ്താവിച്ചു.

WME 77-മത്‌ കരിയംപ്ലാവ് ദേശീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർക്കും ഒരു ദോഷവും ചെയ്യാത്ത, സമൂഹത്തിനു നന്മ മാത്രം ചെയ്യുന്ന, എന്നും തിന്മകൾക്കെതിരെ പോരാടുന്ന പെന്തെക്കോസ്ത് സമൂഹത്തെ പീഡിപ്പിക്കുവാനും ഇല്ലായ്മ ചെയ്യുവാനും തന്ത്രങ്ങൾ മെനയുന്നവർ ചെങ്കടലിൽ മുങ്ങിപ്പോയ ഈജിപ്ഷ്യൻ സാമ്രാജ്യത്തിന്റെ അജയ്യ ചക്രവർത്തിയായ ഫറവോന്റെ ഗതി ഓർമ്മിക്കുന്നത് നന്നായിരിക്കും!

അവരുടെ ആശ്രയം രഥങ്ങളിലും കുതിരകളിലും ആയിരുന്നു. എന്നാൽ യിസ്രായേൽമക്കളുടെ ആശ്രയം അവരുടെ ദൈവമായ യഹോവയിൽ ആയിരുന്നു. “അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയും. മിണ്ടാതിരുന്നു അവൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ”-എന്നത്രെ തിരുവെഴുത്തു പറയുന്നത്. യഹോവ മോശയോട് കൽപ്പിച്ചു: “ജനത്തോട് മുൻപോട്ടു പോകാൻ പറക”. അതെ, ചെങ്കടലിലും മരുഭൂമിയിലും യെരീഹോവിലും യൊർദ്ദാങ്കലും അത്ഭുതം ചെയ്ത ദൈവം ഇന്നും ജീവിക്കുന്നു.

2026-ലും ലോകമെങ്ങുമുള്ള ദൈവജനത്തോട് എനിക്കു പറയുവാനുള്ളത് ഭയപ്പെടരുത്, ഭ്രമിക്കയും അരുത്. നമ്മുടെ ദൈവം നമുക്കായി യുദ്ധം ചെയ്യും. പിന്തുടരുന്ന ശത്രുവിനെ അവൻ ചെങ്കടലിങ്കൽ ന്യായം വിധിക്കും. ചെങ്കടലിൽ വഴി തുറന്നതു കണ്ടു ബോധ്യപ്പെട്ടിട്ടാണ് ജനം ഇറങ്ങിയത്. എന്നാൽ യോർദ്ദാന്റെ ഇരമ്പിപ്പായുന്ന വെള്ളങ്ങൾക്കുമീതെ ചവിട്ടി വഴിയെ നിർമ്മിച്ചാണ് അവർ ജൈത്രയാത്ര തുടർന്നത്. അതെ, നാം വഴി കണ്ടിട്ട് ഇറങ്ങുന്നവരല്ല; പിന്നെയോ, വഴി ഇല്ലാത്തിടത്തു കാൽവെച്ചു വഴി നിർമ്മിച്ച് അക്കരെക്കു പോകുന്നവരാണ്- പാസ്റ്റർ ഒ. എം. രാജുക്കുട്ടി പറഞ്ഞു.

WME ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പാ. വി. കെ. ബിജു സങ്കീർത്തനം വായിച്ചു. ജാൻസൺ ജോസഫിന്റെ നേതൃത്വത്തിൽ സെലെസ്റ്റിയൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഈ വർഷത്തെ ഏറ്റവം മികച്ച ജനകീയ ഗാനത്തിനുള്ള “മഹാകവി കെ. വി. സൈമൺ സംഗീതരത്ന” പുരസ്കാരം ലഭിച്ച പാസ്റ്റർ ഒ. എം. രാജുക്കുട്ടിക്ക് പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ പുരസ്കാരം സമർപ്പിച്ചു. ക്രിസ്തീയ ദർശനം പത്രാധിപർ സജി ജോൺ അധ്യക്ഷത വഹിച്ചു.

MLA പ്രമോദ് നാരായൺ അനുമോദന പ്രഭാഷണം നടത്തി. മുൻ MLA രാജു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. സങ്കീർത്തനം പത്രാധിപർ വിജോയ് സ്കറിയ ആശംസ അറിയിച്ചു. സമ്പൂർണ ബൈബിൾ ഇംഗ്ലീഷിലും മലയാളത്തിലും കൈയെഴുത്തായി രചിച്ചു ചരിത്രം സൃഷ്ടിച്ച WME അടിച്ചിപ്പുഴ എബെൻ-ഏസർ സഭാംഗം ജയശ്രീ വിജയകുമാറിനെ WME ലേഡീസ് ഫെല്ലോഷിപ് ചെയർ പേഴ്സൺ സൂസൻ രാജുകുട്ടി ഷാൾ അണിയിച്ചു ആദരിച്ചു.

റവ. ഡോ. ഒ. എം. രാജുക്കുട്ടി പുസ്തകങ്ങൾ പ്രാർഥിച്ചു സമർപ്പിച്ചു. പാസ്റ്റർ അനീഷ് കാവാലം സമാപന സന്ദേശം നൽകി. സമാപന പ്രാർഥനയും ആശിർവാദവും പാസ്റ്റർ എം. എം. മത്തായി നിർവ്വഹിച്ചു.