ലബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ലക്ഷ്യമിട്ടത് ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങള്‍

ജറുസലേം: ലബനനില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ലബനനിലെ ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

കിഴക്കൻ ലബനനിലെ ബെക്കാ വാലിയിലുള്ള ഹമ്മാറ, ഐൻഎല്‍ടിനെ, തെക്കൻ ലബനനിലെ കഫർ ഹത്ത, അനാൻ എന്നീ ഗ്രാമങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇവിടങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം നിർദ്ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഇസ്രയേല്‍ – ലബനൻ സംഘർഷത്തിനു ശേഷം 2024 ല്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ദുർബലപ്പെടുത്തിയിരുന്നു. വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇരുകൂട്ടരും പരസ്പരം കരാർ ലംഘനം ആരോപിച്ചിരുന്നു.