നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

മുംബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികന് ജാമ്യം. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികരടക്കമുള്ള ഏഴു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെയുള്ളവരെ മഹാരാഷ്ട്ര പൊലീസ് ചൊവ്വാഴ്ച വൈകിട്ടാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്.

തങ്ങള്‍ ആരെയും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ നാഗ്‍പൂര്‍ മിഷനിലെ ഫാദര്‍ സുധീർ പ്രതികരിച്ചു.

ക്രിസ്മസ് ആരാധനാ എങ്ങനെയാണ് മതപരിവർത്തനമാകുന്നതിനും അദ്ദേഹംചോദിച്ചു. തങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ലെന്നും ഫാദർ സുധീർ പറഞ്ഞു.

ബജ്‍റംഗ്ദള്‍ പ്രവർത്തകർ തങ്ങളോട് മോശമായി പെരുമാറാൻ ശ്രമിച്ചതായും സുധീറിന്റെ ഭാര്യ ജാസ്മിൻ പ്രതികരിച്ചു.

പോലീസുകാരുണ്ടായിരുന്നതിനാലാണ് ബജ്‍റംഗ്ദള്‍ പ്രവർത്തകരുടെ കയ്യില്‍ നിന്ന് തങ്ങള്‍ രക്ഷപെട്ടതെന്നും അവർ പറഞ്ഞു. മഹാരാഷ്ട്രയിലെ വറൂട് കോടതിയില്‍ നിന്നാണ് സിഎസ്‌ഐ വൈദികൻ സുധീറിനും ഒപ്പമുണ്ടായിരുന്ന ഏഴ് പേർക്ക് ജാമ്യം ലഭിച്ചത്. മതസ്പർദ്ധ ഉളവാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തുക, മറ്റു മതങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുക എന്നീ കുറ്റങ്ങളായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്.

12 പേർക്കെതിരെയാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കി. തുടർന്നാണ് 8 പേർക്ക് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും 11മണിക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, 13 ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും. കോടതിയില്‍ പ്രതികളെല്ലാം ഹാജരാക്കണം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് പുരോഹിതരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചത്. ബിഎൻഎസ് 299 ബിഎൻഎസ് 302 എന്നീ വകുപ്പുകള്‍ ആണ് ഇവർക്കെതിരെ ചുമത്തിയത്.

വൈദികനും സഹായികള്‍ക്കും ജാമ്യം ലഭിച്ച വാർത്ത ആശ്വാസം നല്‍കുന്നതാണെന്ന് സിഎസ്‌ഐ മലബാർ മഹായിടവക ബിഷപ്പ് ഡോ റോയ്സ് മനോജ് വിക്ടർ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി അവർത്തിക്കപ്പെടരുത്. അതിനായി അറസ്റ്റിനെതിരെ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും. നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും ബിഷപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് സിഎസ്‌ഐ സഭയിലെ പുരോഹിതരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവരെ ബജരംഗ്ദള്‍ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച്‌ തടഞ്ഞുവെച്ചതും പിന്നീട് പോലീസിനെ വിവരമറിയിച്ച്‌ ഇവരെ കൈമാറിയതും.

സുഹൃത്തായ പാസ്റ്ററുടെ വീട്ടില്‍ ജന്മദിനം ആഘോഷിക്കാൻ പോയപ്പോള്‍ അവിടെ വെച്ചാണ് മതപരിവർത്തനം ആരോപിച്ച്‌ ഇവരെ പോലീസ് പിടികൂടിയത്. ബജ്റംഗ്ദള്‍ സമ്മർദത്തെ തുടർന്നാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന് പോലീസ് പറഞ്ഞതായാണ് വിവരം. ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, എന്നിവരെ കൂടാതെ ഇവരുടെ സഹായികള്‍ ഉള്‍പ്പെടെ 8പേർക്കെതിരെ കേസെടുത്തത്. നാഗ്‍പൂരിലെ ഷിംഗോഡിയിലെ ഒരു വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ വെച്ച്‌ ആണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തുകൊണ്ട് പോയത്. തങ്ങള്‍ക്കൊപ്പമുള്ള ഒരു പാസ്റ്ററുടെ വീട്ടില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്. കേക്ക് മുറിക്കുന്നതിന് മുൻപ് ഒരു ക്രിസ്തീയ ഭക്തി ഗാനം പാടുന്ന വേളയിലാണ് ഇവരെ പോലീസെത്തി കസ്റ്റഡിയില്‍ എടുത്തത്. പിറന്നാള്‍ ആഘോഷം നടന്ന വീടിന്റെ ഉടമയ്‌ക്കെതിരെയും കേസെടുത്തു.