പൊന്നാടയും മന്ത്രകോടിയും പിന്നെ തുലാഭാരവും!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഇക്കഴിഞ്ഞ ചില വർഷങ്ങളായി നമ്മുടെ പല പൊതു കൂടിവരവുകളിലും, പലരെയും പൊന്നാട അണിയിപ്പിക്കുന്നത് സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. യോഗ്യമായ വസ്ത്രം ധരിച്ച് നിൽക്കുന്ന വ്യക്തിയെ പൊന്നാട എന്നു പറയുന്ന ഒരു പുതപ്പ് എടുത്ത് പുതപ്പിക്കുക. ഇതും പുതച്ച് ചിലർ സ്റ്റേജിൽ നിൽക്കുന്നത് കണ്ടാൽ കുളിമുറിയിൽ നിന്ന് തോർത്തും പുതച്ച് പുറത്തുവന്നു നിൽക്കുന്നതുപോലെ തോന്നിപ്പോകും. നമ്പൂതിരിമാർ

ഒറ്റമുണ്ടുടുത്തും, നേരിയതും, പൊന്നാടയും പുതച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ തലത്തിൽ ഇത് ആരംഭിച്ചതാണ് എന്ന് തോന്നുന്നു. അവർ ചെയ്യട്ടെ, അവർക്ക് എന്തും കാട്ടിക്കൂട്ടാം. നമുക്കിത് എവിടെ നിന്ന് കിട്ടി? ഒരു പിടിയും കിട്ടുന്നില്ല?

എല്ലാം എന്നും വിമർശിച്ചവരുടെ തലമുറകൾ പുതിയ, പുതിയ കലാപരിപാടികൾ കണ്ടുപിടിച്ച് അവതരിപ്പിക്കുകയാണ് ആലയത്തിലും, സ്റ്റേജുകളിലും.

നാസയിൽ സയൻസ് ലോകo ബഹിരാകാശത്ത് വെള്ളമുണ്ടോ, ജീവനുണ്ടോ എന്ന് ഗവേഷണവും കണ്ടുപിടുത്തവും രാവും, പകലും തല പുകഞ്ഞ് നടത്തുമ്പോൾ, വൈദ്യലോകം ക്യാൻസറിനും മാരകമായ രോഗങ്ങൾക്കും പുതിയ മരുന്നുകൾ കണ്ടുപിടിക്കുവാൻ അഹോരാത്രം ഉറക്കം കളയുമ്പോൾ, ദൈവസഭയും എന്തെങ്കിലുമൊക്കെ പുതിയ കണ്ടുപിടുത്തങ്ങൾ ചെയ്യുവാൻ തിടുക്കം കൂട്ടുകയാണ്. ഇങ്ങനെ പുതിയത് സ്റ്റേജുകളിൽ അവതരിപ്പിച്ച് തൃപ്തിയടയുകയാണ് ഒരു കൂട്ടർ.

ഫെലിസ്ത്യർ ഇസ്രയേലിൻ്റെ ദൈവമായ യഹോവയുടെ പെട്ടകം പുതിയ വണ്ടിയിൽ കയറ്റി. നാളുകൾ പിന്നിട്ടപ്പോൾ ദാവീദിനും ഒരു തോന്നൽ എന്തെങ്കിലും പുതിയതായി ചെയ്യണം. പ്രമാണം ലംഘിച്ച് പുരോഹിത കരങ്ങളെ തഴഞ്ഞുകൊണ്ട് അവൻ പുതിയ വണ്ടിയിൽ പെട്ടകം കയറ്റി, പുതിയ അടി തമ്പുരാനിൽ നിന്ന് വാങ്ങിയത് (2ശമുവേൽ 6) ഇടയ്ക്കിടയ്ക്ക് ഓർക്കുന്നത് നന്നായിരിക്കും. ഇപ്പോൾ പെട്ടകം നമ്മുടെ നടുവിൽ നിന്ന് പോയാലും വേണ്ടില്ല, പുതിയ, പദ്ധതികൾ കണ്ടുപിടിച്ച പുറത്തുകൊണ്ടു വരുവാൻ കൊതിക്കുന്ന സമൂഹമായി മാറി ദൈവസഭ. നാട് ഓടുമ്പോൾ നടുവേ ഓടണമല്ലോ.

വിശ്വാസ സ്നാനം സ്വീകരിച്ചു സ്നാനക്കുളത്തിൽ നിന്ന് കയറി വരുന്നവരെ പുതപ്പുകൊണ്ട് മറക്കുന്നത് കണ്ടിട്ടുണ്ട്. അതിൻ്റെ ആവശ്യകത നമുക്ക് ബോധ്യമാണല്ലോ. പുതിയ നിയമത്തിൽ വിശുദ്ധന്മാർ തമ്മിൽ, തമ്മിൽ വിശുദ്ധചുംബനം ചെയ്തും, കെട്ടിപ്പിടിച്ചും, കരം കൊടുത്തും ആദരിച്ചിട്ടുണ്ട്. തിരുവചനത്തിൽ എങ്ങും, ആരെയും പൊന്നാടയും, പുതപ്പും അണിയിക്കുന്നതായി കണ്ടിട്ടില്ല. പുതപ്പ് വലിച്ചെറിഞ്ഞ ബർത്യമായിയും, ബാബിലോണ്യ പുതപ്പും കൊണ്ട് വീട്ടിൽ പോയ ആഖാന് പുതിയ കൽകൂമ്പാരത്തിൻ്റെ കല്ലറ കൊടുത്തതും പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

അപ്പോസ്തോലൻമാരുടെ ശരീരത്തിൽ കിടന്ന ഉറുമാൽ കൊണ്ട് ഇട്ടവർ സൗഖ്യം പ്രാപിച്ച് എഴുന്നേറ്റതും പുസ്തകം വെളിപ്പെടുത്തുന്നു.
(പ്രവർത്തികൾ 19: 11,12) പലയിടത്തും അപ്പോസ്തോലന്മാർക്ക് പൊന്നാട കിട്ടിയില്ല. എന്നാൽ പൊതിരെ അടി കിട്ടി. അവരുടെ വസ്ത്രങ്ങൾ അവർ പറിച്ചുരിഞ്ഞു കളഞ്ഞു. ഇതത്രേ തിരുവചനത്തിൽ ദർശിക്കുന്നത്. ഈ പൊന്നാട ബോവസിൻ്റെ പൊന്നാട അല്ല, ബാബിലോണ്യ പൊന്നാട അത്രേ.

പൊന്നാടക്കും, പുതപ്പിനും എന്തു പ്രസക്തി? പൊന്നിന് വിലക്ക് കൽപ്പിച്ച സമൂഹം, പൊന്നണിഞ്ഞവർക്ക് വിശുദ്ധ മേശ പോലും നിഷേധിച്ച കൂട്ടം, ഇപ്പോൾ പൊന്നു മാറി പൊന്നാടയിലായി. ഇതര ക്രൈസ്തവ മതങ്ങളിൽ മരണപ്പെട്ടുപോയ വ്യക്തിയെ ആദരിച്ച് ബന്ധുക്കൾ ശവസംസ്കാര ശുശ്രൂഷയ്ക്ക് മുമ്പ് പട്ട് പുതപ്പിക്കുന്ന പതിവ് സാധാരണമാണ്. അതിനെയും നമ്മൾ വിമർശിച്ചു, വിരൽ ചൂണ്ടിയ നാം ഇപ്പോൾ പൊന്നാട പുതച്ച് സായൂജ്യം കൊള്ളുകയാണ്. ഇനിയും കാലം ഇങ്ങനെ മുന്നോട്ടു പോയാൽ നമ്മുടെ സ്റ്റാറ്റസ് ഒക്കെ കാണിക്കാൻ അധികം വൈകാതെ തുലാഭാരവും, തൂക്കത്തിന് അന്നദാനവും, മുട്ട വിതരണവും നടത്തും.

എങ്ങനെയെങ്കിലും ഫോർ, ത്രി പീപ്പിൾസ് അറിയണ്ടേ, നമ്മൾ എന്തെങ്കിലും ഒക്കെ പുതിയത് കണ്ടുപിടിക്കുന്നു എന്ന്. അധികം വൈകാതെ പൊന്നരിഞ്ഞാണം കെട്ടുന്ന പണിയും ആരംഭിക്കുമോ എന്ന് ഭയപ്പെടുന്നു. എന്തൊരു വികൃതികൾ?

ഇതര ക്രിസ്തീയ സഭകളിൽ വിശുദ്ധ വിവാഹ ശുശ്രൂഷ നടക്കുമ്പോൾ മാല വാഴത്തലും മോതിരം വാഴ്ത്തലും കഴിഞ്ഞ്, മണവാട്ടിയെ മന്ത്രകോടി എന്നു പറയുന്ന ഒരു വസ്ത്രം മണവാളൻ കാർമ്മികൻ്റെ സഹായത്തോടെ ഞാൻ നിന്നെ എന്നുമെന്നും സൂക്ഷിക്കും, പരിപാലിക്കും, ബഹുമാനിക്കും, ആദരിക്കും എന്നുള്ളതിൻ്റെ അടയാളമായി അണിയിക്കാറുണ്ട്. മന്ത്രകോടിയും, മാജിക്കും ഒന്നും നമുക്ക് ഇല്ല എന്ന് കൂക്കി വിളിച്ച്, ഇത് എല്ലാം നമ്മുടെ വിമർശനത്തിൻ്റെ വെടിയുണ്ടകളാക്കി മാറ്റിയിട്ട് നാം ഇപ്പോൾ, പുതിയ മണ്ടൻ, പദ്ധതികളും, പ്രോഗ്രാമുകളും കണ്ടുപിടിച്ച്, അല്ലെങ്കിൽ എവിടെ നിന്നൊക്കെയോ കടമെടുത്ത് അവതരിപ്പിക്കുകയാണ്. ആര് ചോദിക്കും?

ഏതായാലും നമ്മളിൽ പലർക്കും ചന്ദ്രനിൽ പോകാനും, ബുധനിൽ കാലുകുത്താനും കഴിയില്ല, സാധിക്കുകയുമില്ല. എന്നാലും വേണ്ടില്ല, ആത്മീയ ലോകത്ത് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണം. ഇതൊക്കെ ചെയ്യുമ്പോൾ ഓർത്തു കൊള്ളണം തമ്പുരാൻ്റെ തുലാസിൽ അവൻ നമ്മെ തൂക്കി നോക്കുകയാണ്. ലോകം കഴിവുള്ളവൻ എന്ന് വിളിച്ചു പറഞ്ഞാലും, അവൻ്റെ ദൃഷ്ടിയിൽ കുറവുള്ളവൻ ആയി നാം മാറരുതേ!

പൊന്നാട അണിഞ്ഞവരുടെ എണ്ണം വർദ്ധിക്കുമ്പോൾ, സ്വർഗം തിരയുന്നത്, പൊന്നുപോലെ ലോകത്തിൻ്റെ മാലിന്യത്തിൽ നിന്ന് പുറത്തു വരുന്നവരെയാണ്. പൊന്നിനെക്കാൾ വിലയേറിയ വിശ്വാസത്തെ മാറോടു ചേർത്തു പിടിക്കുന്ന സ്തേഫാനോസ് ഭക്തന്മാരെ സ്വർഗ്ഗത്തിലെ കണ്ണുകൾ പരതുന്നു. കഴുത്തിൽ മാലയിടാൻ തലകുനിച്ചു കൊടുക്കുന്നവരെ അല്ല സ്വർഗം തിരയുന്നത്, പ്രത്യുത, പുരുഷന്മാരെ നിങ്ങൾ ഈ ചെയ്യുന്നതെന്ത്? എന്ന് വിളിച്ചു ചോദിക്കുന്ന അഭിക്ഷക്തൻമാരെ ദൈവം അന്വേഷിക്കുന്നു. അവർ ഈ നാളുകളിൽ എഴുന്നേൽക്കട്ടെ.

സദസ്സിൽ അവരെ പരിചയപ്പെടുത്തുവാൻ ആരുമില്ലെങ്കിലും സർവ്വശക്തനായ ദൈവത്തിൻെറ കരം അവർക്ക് എന്നുമെന്നും അനുകൂലമാണ്. സുവിശേഷത്തിനു വേണ്ടി കാശു കൊടുക്കുന്നവരെകാൾ ഉപരിയായി, കഴുത്തു വെച്ചു കൊടുക്കുന്ന പൗലോ സ്മാർ ശുഭ്ര വസ്ത്രധാരികളായി പളുങ്ക് നദിയുടെ തീരത്ത് ഇരിക്കും, വാടാത്ത കിരീടങ്ങളുമായിമായി.

ദൈവം ഒരു ഭക്തനെ ഇവിടെ അണിയിക്കുന്നത് സ്തുതിയുടെ മേലാടയും, ഉത്സവ വസ്ത്രവും അത്രേ. പാരമ്പര്യവും, പൊന്നാടയും, പുതപ്പുമൊക്കെ അഴിച്ചുമാറ്റാം.

പാസ്റ്റർ മാത്യു വർഗീസ്