ഗാന്ധിജിയുടെ പേര് ഒഴിവാക്കി തൊഴിലുറപ്പ് പദ്ധതി ബില്‍ ലോക്സഭയില്‍; പ്രതിപക്ഷം പ്രതിഷേധത്തില്‍

കോട്ടയം:  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എ.) പേര് മാറ്റി പുതിയ നിയമം കൊണ്ടുവരാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

ശക്തമായ പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയിലാണ് കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബില്‍ അവതരിപ്പിച്ചത്്. ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ എന്ന തലക്കെട്ടോടെയാണ് ബില്‍ അവതരിപ്പിച്ചത്.

ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ‘ഗാന്ധി തന്റെ കുടുംബത്തിന്റെതല്ല, ഗാന്ധി രാജ്യത്തിന്റേതാണ്’ എന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയെ ചരിത്രത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ഭേദഗതി ബില്ലെന്നും, പുതിയ നിയമം സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി വിമര്‍ശിച്ചു. പേര് മാറ്റം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും, പേര് മാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു.

ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച്‌ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാര്‍ ലോക്സഭയ്ക്ക് പുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ഉയര്‍ത്തി ജാഥ നടത്തുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ചോദിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര പരിഷ്‌കരണം, കേരളത്തിലും പ്രതിഷേധം കടുക്കുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും ആശങ്കയിലാണ്.

മഹാത്മാ ഗാന്ധിയുടെ പേരു മാറ്റുന്നതിനോടും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു യോജിപ്പില്ല. പദ്ധതിയിലെ പുതിയ പല വ്യവസ്ഥകളും ആശങ്ക ഉണ്ടാക്കുന്നതാണെന്നും തൊഴിലാളികള്‍ പറയുന്നു.

പദ്ധതിയിലെ 90 ശതമാനം കേന്ദ്ര വിഹിതം 60 ശതമാനമാക്കി. (കേന്ദ്രവിഹിത ആനുപാതം 90:10 എന്നത് 60:40 എന്നാക്കി). തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിച്ചു എന്നു പറയുന്നതിന് അര്‍ഥമില്ല.

കാരണം പുതിയ നിയമപ്രകാരം ഡിമാന്‍ഡിന് അനുസരിച്ചു തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാര്‍ഷിക സംസ്ഥാന അലോകേഷനു അനുസരിച്ചു തൊഴില്‍ എന്നതായി തത്വം.

കേന്ദ്ര സര്‍ക്കാര്‍ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷന്‍ നിശ്ചയിക്കുന്നു. അതിനു മുകളില്‍ തൊഴില്‍ നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം കണ്ടെത്തിക്കൊള്ളണമെന്ന നിലയിലേക്കു പുതിയ വ്യവസ്ഥകള്‍ എത്തിക്കുമെന്നാണ് ആശങ്ക.

പുതിയ പരിഷ്‌കാരങ്ങളെ എതിര്‍ത്ത് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു.

22ന് ജില്ലാ കേന്ദ്രത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും എല്‍ഡിഎും തീരുമാനിച്ചിട്ടുണ്ട്. ജീവിത ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ കുടുംബങ്ങളുടെ സഹായത്തിനും താങ്ങായി നിന്ന തൊഴിലുറപ്പ് പദ്ധതി തകരുന്നതിനു കാരണമാകുന്ന പുതിയ നിയമ നിര്‍മാണത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം.

മഹാത്മാഗാന്ധിയുടെ പേരുപോലും വെട്ടിമാറ്റിയതു ബി.ജെ.പിയുടെ രാഷ്ട്രീയം മറനീക്കി പുറത്തുകൊണ്ടുവരുന്നതാണ്.