ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം… ഓണ്‍ലൈൻ സംവിധാനം ഏര്‍പ്പെടുത്താനായി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

ഡല്‍ഹിയില്‍ വായു മലിനീകരണം അതീവഗുരുതരമായ സാഹചര്യത്തില്‍. ഇന്നലെ വാസിപൂരിലും രോഹിണിയിലും വായു ഗുണനിലവാര സൂചിക 500ല്‍ തൊട്ടു. പുലർച്ചെ കർത്തവ്യപഥ് മേഖലയില്‍ കാഴ്ചാപരിധി പൂജ്യമായിരുന്നു. ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. 300 ൽ അധികം വിമാന സർവീസുകൾ വൈകി. 40 വിമാനങ്ങൾ റദ്ദാക്കി.ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്.

ശ്വാസകോശ പ്രശ്‌നങ്ങള്‍, ചുമ തുടങ്ങിയവ ചൂണ്ടിക്കാട്ടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. കൂടുതലും കുട്ടികളും മുതിർന്ന പൗരന്മാരുമാണ്. മലിനീകരണം നിയന്ത്രിക്കുന്ന നടപടികള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാനിന്റെ (ജി.ആർ.എ.പി) നാലാം ഘട്ടം ഇന്നലെ പ്രാബല്യത്തില്‍ വന്നു.

നഴ്സറി മുതല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്കും 11ാം ക്ലാസുകാർക്കും നേരിട്ടെത്തുന്നതിന് പുറമെ ഓണ്‍ലൈൻ സംവിധാനവും ഏർപ്പെടുത്താനായി സ്‌കൂളുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 10, 12 ക്ലാസുകള്‍ക്ക് ഈ സംവിധാനമില്ല. രാജ്യതലസ്ഥാനത്ത് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങള്‍ സമ്ബൂ‌ർണമായി വിലക്കിയിട്ടുണ്ട്.