ജൂതരുടെ ആഘോഷം നടക്കുന്നതിനിടെ വെടിയുതിര്‍ത്തത് വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികള്‍; രണ്ടു തവണ വെടിയേറ്റിട്ടും അക്രമിയെ നേരിട്ട് അഹമ്മദ് അല്‍ അഹമ്മദ്

സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഫെസ്റ്റിവലിനിടെയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിഞ്ചായി. മരിച്ചവരില്‍ 10 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 29 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇസ്രയേല്‍ പൗരനാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ വെടിവയ്പ്പുണ്ടായത്‌. ഹനൂക്ക ആഘോഷങ്ങളുടെ തുടക്കമായതിനാല്‍ ബോണ്ടി ബീച്ചില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ ധീരമായ ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിയെ തിരിച്ചറിഞ്ഞു. സിഡ്നിയില്‍ പഴക്കച്ചവടം നടത്തുന്ന അഹമ്മദ് അല്‍ അഹമ്മദാണ് ആക്രമിയെ വെറും കൈകളോടെ നേരിട്ടത്. 43 വയസ്സുള്ള അഹമ്മദിന് ആക്രമണത്തിനിടെ രണ്ട് വെടിയേറ്റതായും അദ്ദേഹം നിലവില്‍ സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും അധികൃതർ അറിയിച്ചു.

ആക്രമി വെടിയുതിർക്കുമ്ബോള്‍, ആയുധമില്ലാതെ ഒരാള്‍ ധൈര്യത്തോടെ തോക്കുധാരിയെ നേരിടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കാറുകളുടെ മറവില്‍ നിന്ന ശേഷം ആക്രമിയിലേക്കു ഓടിച്ചെത്തിയ അഹമ്മദ്, ഇയാളെ കഴുത്തില്‍ പിടിച്ച്‌ തള്ളിയിടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ആ ആയുധം ഉപയോഗിച്ച്‌ ആക്രമിയെ നിയന്ത്രണത്തിലാക്കി.

അഹമ്മദിന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് അക്രമികളില്‍ ഒരാളെ നിരായുധനാക്കാനും കൂടുതല്‍ വലിയ ദുരന്തം ഒഴിവാക്കാനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്നി വെടിവയ്പ്പിലെ ഹീറോയെന്ന നിലയില്‍ അഹമ്മദിന് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രശംസ ലഭിക്കുകയാണ്.

അക്രമികളില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം (24) എന്നയാളാണ് അക്രമികളില്‍ ഒരാളെന്ന് ‘എബിസി ഓസ്ട്രേലിയ’ റിപ്പോർട്ട് ചെയ്തു. ഇയാള്‍ പാകിസ്ഥാനില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ആളാണ്. നഗരപ്രാന്തത്തിലെ ഇയാളുടെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്.

അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, വിശദാംശങ്ങള്‍ വളരെ പരിമിതമാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാമത്തെ അക്രമിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അക്രമികളില്‍ ഒരാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് മാധ്യമറിപ്പോർട്ട്. മറ്റെയാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടത് നവീദ് അക്രമാണോയെന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

സംഭവം ഭീകരാക്രമണമാണെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. അക്രമികളുടെ ലക്ഷ്യവും പ്രേരണയും സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. ബീച്ചിന് സമീപം പാർക്ക് ചെയ്തിരുന്ന അക്രമികളുടെ വാഹനത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

ജൂതരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹനൂക്ക ആരംഭിച്ച ആദ്യ ദിനത്തിലാണ് ആക്രമണം നടന്നത്. ഹനൂക്ക ജൂതരുടെ ‘വെളിച്ചത്തിന്റെ ഉത്സവം’ എന്നറിയപ്പെടുന്നു. ഏകദേശം 2000 വർഷങ്ങള്‍ക്ക് മുൻപ്, തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശത്തിനായി ഗ്രീക്കുകാർക്കെതിരെ ജൂതന്മാർ നേടിയ വിജയത്തിന്റെ സ്മരണയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. എട്ട് ദിവസത്തെ ആഘോഷത്തില്‍ വിളക്കുകള്‍ തെളിയിക്കുകയും, ഗാനങ്ങളും പ്രാർത്ഥനകളും നടത്തുകയും, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.

ബീച്ചിനടുത്തുള്ള നടപ്പാലത്തില്‍ കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങള്‍ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സംപ്രേഷണം ചെയ്തു. അതേ ദൃശ്യങ്ങളില്‍, ഒരാള്‍ അതീവ ധൈര്യത്തോടെ തോക്കുധാരിയെ നേരിട്ട് നിരായുധനാക്കുന്നതും കാണാം.

ബോണ്ടി ബീച്ചിലെ ആക്രമണം അത്യന്തം ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പ്രതികരിച്ചു. ജൂത സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി സർക്കാർ അറിയിച്ചു.