ന്യൂഡല്‍ഹി: സർവീസ് റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാർക്ക് 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചർ നല്‍കുമെന്ന് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ പ്രഖ്യാപിച്ചു.
ഡിസംബർ 3, 4, 5 തീയതികളില്‍ യാത്രാ തടസ്സമുണ്ടായവർക്കായിരിക്കും ഈ വൗച്ചറുകള്‍ അനുവദിക്കുക.(IndiGo flight cancellation incident, Free travel voucher worth Rs 10,000 for stranded passengers)
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സർവീസ് റദ്ദാക്കിയാല്‍ സർക്കാർ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് ഈ 10,000 രൂപയുടെ വൗച്ചർ നല്‍കുന്നത്. സർക്കാർ മാനദണ്ഡപ്രകാരം, വിമാനം റദ്ദാക്കിയ സമയം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് നിലവില്‍ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുക.
അധികമായി ലഭിക്കുന്ന 10,000 രൂപയുടെ ഈ വൗച്ചറുകള്‍ക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും. ഈ സമയപരിധിക്കുള്ളില്‍ ഇൻഡിഗോ വഴിയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. തടസ്സമുണ്ടായ യാത്രകളുടെ ടിക്കറ്റ് നിരക്കുകള്‍ തിരികെ നല്‍കാൻ നടപടിയെടുത്തതായും ഇൻഡിഗോ അറിയിച്ചു. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ബുക്കിങ് നടത്തിയതെങ്കിലും ഉടൻ തന്നെ പണം ലഭിക്കുമെന്നും എയർലൈൻ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 220 വിമാനങ്ങളാണ് റദ്ദാക്കിയത്. ഡിസംബർ രണ്ടിന് ആരംഭിച്ച ഈ സർവീസ് തടസ്സം പത്ത് ദിവസത്തോളം നീണ്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ) ഇൻഡിഗോ സി.ഇ.ഒ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. സർവീസ് പുനഃസ്ഥാപിക്കല്‍, പണം തിരികെ നല്‍കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാൻ ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്.



