ഷാജി ആലുവിള

കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബർ 9 നു നടക്കുകയാണ്. അതിനു മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനത്തിന്റെ കലാശകൊട്ടും കഴിഞ്ഞു. കേരളത്തിന്റെ ഏഴ് തെക്കൻ ജില്ലകിളിലാണ് ചൊവ്വാഴ്ച ആദ്യഘട്ട വോട്ട് എടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ പതിനൊന്നിനാണ് നടക്കുന്നത്. വോട്ട് എണ്ണലും ഫലപ്രഖ്യാപനവും പതിമൂന്നിന്നു നടക്കും.
യൂ ഡി എഫും, എൽ ഡി എഫും, എൻ ഡി എ യുമാണ് രാഷ്ട്രീയപരമായി മത്സരരംഗത്തുള്ളത്. പിന്നെ പാർട്ടി ടിക്കറ്റ് കിട്ടാത്ത ചിലർ സ്വതന്ത്രരായും മത്സര രംഗത്തുണ്ട്. ആരു വാഴും ആര് വീഴും എന്നുള്ളത് പതിമൂന്നിന് അറിയാം. വരാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ പാർട്ടികളും പറയുന്നു.
ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ ആർക്ക് വോട്ട് ചെയ്യണം എന്ന ചിന്ത പലരെയും അലട്ടുന്നുണ്ട്. ഓരോ പാർട്ടിയും ജയിക്കുവാൻ ബ്രഹ്‌മാസ്ത്രങ്ങൾ പലതുമെടുത്തു. പരസ്പ്പരം ആക്ഷേപത്തിന്റെ ചെളി വാരിയെറിഞ്ഞു. ജയിലിലടച്ചും ചിലരുടെ രാഷ്ട്രീയ നടുതല അരിഞ്ഞെറിഞ്ഞും പകപോക്കലിന്റെ പ്രകടനമായിരുന്നു ഇപ്രാവശ്യവും അരങ്ങേറിയത്. ഇത് നാടിനെ സേവിക്കാനോ? അതോ സ്വന്തം കീശ വീർപ്പിക്കാനോ എന്നാണ് പൊതുജനം വീക്ഷിക്കുന്നത്.
വിജയത്തിന് വേണ്ടി ഏത് തരംതാണ പ്രവർത്തിയും ചെയ്യുന്ന കുടിലരാഷ്ട്രീയ രീതി കണ്ട് ജനം മടുത്തു. മതേതരത്വം മറന്ന് വർഗ്ഗീയ ശക്തികൾ രാഷ്ട്രീയത്തിന്റെ മറവിൽ മത്സരരംഗത്തുണ്ട്. ഭാരതത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ക്രൈസ്തവ മിഷനറിമാർ ചെയ്ത സംഭാവനകൾ മറന്ന്, ഇന്ന് ക്രൈസ്തവരെ മൃഗീയമായി പീഡിപ്പിക്കുന്ന അവസ്ഥ ഈ രാഷ്ട്രീയ നേതാക്കൾ കണ്ണു തുറന്നു കാണണം. കേരളത്തിന്റെ പുരോഗതിക്ക് അവരുടെ പ്രയത്നം വിലയേറിയതായിരുന്നു. വോട്ട് ചോദിക്കുമ്പോൾ ഞങ്ങൾക്ക് അവസരം തരൂ എല്ലാം ശരിയാക്കാം എന്നു പറയുന്നവർ കേറികഴിഞ്ഞാൽ എല്ലാവരെയും ശരിയാക്കും. കാലും കയ്യും പിടിച്ച് വേണമെങ്കിൽ കാലിൽ കിടന്നും കാലുനക്കിയും വോട്ടു വാങ്ങിച്ചു ജയിച്ചു വന്നാൽ പിന്നെ ജനം നായയെ പോലെ പുറകെ നടക്കണം ഒരു കാര്യ സാധ്യത്തിന്. അതാണ് നമ്മുടെ രീതി.
വ്യക്തിഹത്യകൾ ആക്ഷേപങ്ങൾ ഭരണ നേട്ടങ്ങൾ ഭരണ ന്യൂനതകളൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗം ആണെങ്കിലും അതിരുവിട്ടാൽ പിന്നീട് പകപോക്കലിലേക്ക് പോയേക്കാം. പാർട്ടിമാറാം, വോട്ട് മാറാം, പദവികൾ പോകാം ഒന്നോർക്കുക ഇവിടെ നമ്മൾ ഇനിയും ജീവിക്കേണ്ടവരാണ്. ഒരു നാട്ടിലെ സഹോദരീ സഹോദരന്മാരാണ്. തമ്മിലടിച്ചു പ്രതികാരികൾ ആകരുത് ആരും. മാനഹത്യ നടത്തി ആരെയും കൊല്ലരുത്.
‘കൊടിയുടെ നിറം നോക്കാതെ പ്രതിബദ്ധതയോടെ സമൂഹത്തിന് നന്മകൾ ചെയ്യുന്നവരെ നാം തെരഞ്ഞെടുക്കുക’! ഓരോ പൗരന്റെയും മൗലിക അവകാശമാണ് ഓരോ വോട്ടും. ആർക്ക് അത് കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യവും ഓരോരുതർക്കുമാണ്. ഇപ്പോൾ മത്സര രംഗത്ത് പെന്തക്കോസ്ത് സ്ഥാനാർത്ഥികളും ഉള്ളത് കൗതുകം തന്നെയാണ്. ചിലപ്പോൾ കൊടിയുടെ നിറമോ പാർട്ടിയുടെ ചിഹ്നവും നോക്കാതെ പലരും നാടിനു നന്മ ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തും. പ്രതിപക്ഷ ബഹുമാനത്തോടെ ആയിരിക്കണം മത്സരം. ആരൊക്കെ മത്സരിച്ചാലും ഒരാൾ മാത്രം വിജയം വരിക്കു.
സാഹോദര്യ സ്നേഹത്തിൽ മുന്നേറാൻ സത്യത്തിന്റെ കാവൽക്കാരും, നാടിനെ ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരിൽ ഭിന്നിപ്പിക്കാതെ സർവ്വ മത സ്വാതന്ത്ര്യവും മനുഷ്യ ജീവന് വിലകൊടുക്കുന്നതും അഴിമതി രഹിത ഭരണവും നാടിനെ പുരോഗതിയിലേക്ക് ഉയർത്തുന്നതുമായ ഭരണ സംവിധാനം ആണ് പുതിയ ഭരണാധികാരികളിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്.
മദ്യവും മയക്ക് മരുന്ന് ലഹരി വസ്തുക്കളിൽ നിന്നും നമ്മുടെ നാടിനെയും യുവജനങ്ങളെയും രക്ഷിക്കുവാൻ പുതുഭരണത്തിനു ഇടയാകണം. സാധുക്കളെ സംരക്ഷിക്കണം കലാപങ്ങളും കൊലപാതകങ്ങളും അമർച്ച ചെയ്യണം. അങ്ങനെ ചെയ്യുന്നവരെ ആകണം നാം തെരഞ്ഞെടുക്കേണ്ടത്.
തെരഞ്ഞെടുപ്പ് വരുമ്പോൾ മിനുക്കു പണി ചെയ്‌തും പെൻഷൻ കൂട്ടിയും, റേഷൻ കൂട്ടിയും, കിറ്റ് കൊടുത്തും, വാഗ്ദാനം നിരത്തിയും വോട്ടു പിടിക്കുന്നത് കാപട്യം എന്നോർത്ത് സൽസ്വഭാവികളെയും നാടിനോട് പ്രതിബദ്ധതയുള്ളവരെയും തെരഞ്ഞെടുക്കുക.
നല്ല തദ്ദേശ ഭരണകർത്താക്കൾ നാട് ഭരിക്കട്ടെ, നാടും നാട്ടുകാരും നന്നാകട്ടെ! സത്യവും നീതിയും പുലരട്ടെ! ഓർക്കുക വോട്ടവകാശം നഷ്ടമാക്കാരുത്… ഓരോ വോട്ടും വിലയേറിയത്.



